വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ റൊണാൾഡോ പെനാൽറ്റി അർഹിച്ചിരുന്നുവെന്നു സ്ഥിരീകരിച്ച് പ്രീമിയർ ലീഗ് ഒഫിഷ്യൽസ്


വെസ്റ്റ് ഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ റൊണാൾഡോ ഫൗൾ ചെയ്യപ്പെട്ടതടക്കം രണ്ടു പെനാൽറ്റികൾ നൽകേണ്ടതായിരുന്നുവെന്ന് പ്രീമിയർ ലീഗ് ഒഫിഷ്യൽസിന്റെ വിശകലനം ചെയ്തു. ബെൻറഹ്മയുടെ ഗോളിൽ വെസ്റ്റ് ഹാം മുന്നിൽ എത്തിയതിനു ശേഷം റൊണാൾഡോ, ലിംഗാർഡ് എന്നിവരുടെ ഗോളുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ച മത്സരത്തിൽ രണ്ടു ടീമുകളും ഓരോ പെനാൽറ്റി അർഹിച്ചിരുന്നുവെന്നാണ് കണ്ടെത്തിയത്.
കുർട് സൂമ, വ്ലാദിമിർ കൗഫൽ എന്നിവരുടെ ഫൗളുകളിൽ രണ്ടു തവണ ബോക്സിൽ വീണ റൊണാൾഡോ കൗഫലിന്റെ ഫൗളിന് പെനാൽറ്റി അർഹിച്ചിരുന്നുവെന്ന് പ്രീമിയർ ലീഗ് ഒഫിഷ്യൽസ് വിലയിരുത്തിയെന്ന് ദി ടൈംസ് ആണ് റിപ്പോർട്ടു ചെയ്തത്. വിഎആർ ടീം സംഭവം വിലയിരുത്തിയതിനു ശേഷം അതു മോണിറ്ററിൽ പരിശോധിക്കാൻ റഫറി ആറ്റ്കിൻസണിനോട് പറയാതിരുന്നതിൽ വീഴ്ച പറ്റിയെന്നും അവർ വ്യക്തമാക്കി.
Officials confirm Cristiano Ronaldo should have been given Man Utd penalty vs West Hamhttps://t.co/kqv3vGBy3s pic.twitter.com/OD9Pd9PQCk
— Mirror Football (@MirrorFootball) September 20, 2021
ഇതിനു പുറമെ വെസ്റ്റ് ഹാം യുണൈറ്റഡിന് ലഭിക്കുമായിരുന്ന ഒരു പെനാൽറ്റിയിലും വിഎആർ ടീമിന് പിഴവു സംഭവിക്കുകയുണ്ടായി. തോമസ് സുസെക്കിനെ ആരോൺ വാൻ ബിസാക്ക ബോക്സിൽ വീഴ്ത്തിയ സംഭവത്തിലും സംഭവം റഫറിയോട് പരിശോധിക്കാൻ വിഎആർ ടീം മുതിർന്നില്ല. മത്സരത്തെ കൂടുതൽ ആവേശത്തിൽ എത്തിക്കുമായിരുന്ന രണ്ടു ഗോളുകളാണ് ഇതോടെ നഷ്ടമായത്.
പെനാൽറ്റി ലഭിച്ചിരുന്നുവെങ്കിൽ ഈ സീസണിലെ പ്രീമിയർ ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ റൊണാൾഡോക്ക് ഒന്നാമതെത്താനുള്ള അവസരമുണ്ടായിരുന്നു. നിലവിൽ മൂന്നു ഗോളുകൾ നേടിയ താരത്തിന് മുന്നിൽ നാല് ഗോളുകൾ വീതം നേടിയ വെസ്റ്റ് ഹാമിന്റെ അന്റോണിയോ, ലിവർപൂളിന്റെ സലാ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്നെ ബ്രൂണോ ഫെർണാണ്ടസ് എന്നീ താരങ്ങളുണ്ട്.
അതേസമയം മത്സരത്തിന്റെ അവാസന വിധി നിർണയിച്ച സംഭവം പെനാൽറ്റിയുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു. കളിയവസാനിക്കാൻ നിൽക്കെ വെസ്റ്റ് ഹാമിന് ലഭിച്ച പെനാൽറ്റിയെടുക്കാൻ കളത്തിലിറങ്ങിയ നോബിൾ അതു പാഴാക്കിയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അതു പാഴാക്കിയത്.