Football in Malayalam

"എന്റെ പേരു വെച്ചു കളിക്കുന്നത് അനുവദിക്കാൻ കഴിയില്ല"- മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് റൊണാൾഡോ

Sreejith N
Juventus v Atalanta - Pre-Season Friendly
Juventus v Atalanta - Pre-Season Friendly / Jonathan Moscrop/Getty Images
facebooktwitterreddit

റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണു താനെന്ന അഭ്യൂഹങ്ങൾ നിഷേധിച്ചതിനൊപ്പം മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് യുവന്റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം റൊണാൾഡോയെയും റയൽ മാഡ്രിഡിനെയും ചേർത്ത് അഭ്യൂഹങ്ങൾ വന്നതിനെ കാർലോ ആൻസലോട്ടി നിഷേധിച്ചു രംഗത്തെത്തിയതിനു പിന്നാലെയാണ് യുവന്റസ് താരവും ഇതേക്കുറിച്ച് പ്രതികരിച്ചത്. സോഷ്യൽ മീഡിയകളിലൂടെയായായിരുന്നു റൊണാൾഡോയുടെ പ്രതികരണം.

"എന്നെ അറിയുന്നവർക്ക് ഞാനെത്രത്തോളം എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അറിയാം. കുറച്ച് സംസാരവും കൂടുതൽ പ്രവൃത്തിയും, ഇതാണു കരിയറിന്റെ തുടക്കം മുതൽ എനിക്കു വഴികാട്ടുന്നത്. എന്നിരുന്നാലും എല്ലാ സമീപകാലത്തായി പറഞ്ഞതും എഴുതിയതുമായ എല്ലാ കാര്യങ്ങളിലും ഞാനെന്റെ നിലപാട് വ്യക്തമാക്കുന്നു."

"ഒരു മനുഷ്യനെന്ന നിലയിലും ഒരു കളിക്കാരനെന്ന നിലയിലും എന്നോട് കാണിക്കുന്ന അനാദരവിനേക്കാൾ, മാധ്യമങ്ങളിൽ എന്റെ ഭാവിയെ സംബന്ധിച്ചുള്ള ബാലിശമായ കിംവദന്തികൾ അതുമായി ബന്ധപ്പെട്ട ക്ലബുകളോടും അവയിലെ താരങ്ങളോടും സ്റ്റാഫുകളോടുമുള്ള അനാദരവ് കൂടിയാണ്."

"റയൽ മാഡ്രിഡിൽ എന്റെ കഥ എഴുതപ്പെട്ടതും വാക്കുകളിലും അക്കങ്ങളിലും കിരീടങ്ങളിലും തലക്കെട്ടുകളിലും റെക്കോർഡ് ചെയ്യപ്പെട്ടതാണ്. അതെല്ലാം ബെർണാബു സ്റ്റേഡിയത്തിന്റെ മ്യൂസിയത്തിലുണ്ട്. കൂടാതെ ക്ലബിന്റെ എല്ലാ ആരാധകരുടെ മനസിലും."

"ഞാൻ കൈവരിച്ചതിനപ്പുറം ആ ഒൻപതു വർഷങ്ങളിൽ എനിക്ക് റയൽ മാഡ്രിഡിനോട് വളരെ ആഴമേറിയ അടുപ്പവും ആദരവും ഉണ്ടായിരുന്നുവെന്നും അതിന്നു വരെയും തുടരുന്നുവെന്നും ഞാൻ ഓർക്കുന്നു. അതു ഞാനെപ്പോഴും പരിപാലിക്കുകയും ചെയ്യും. യഥാർത്ഥ റയൽ മാഡ്രിഡ് ആരാധകർ എന്നെ ഹൃദയത്തിൽ കൊണ്ട് നടക്കുമെന്ന് എനിക്കറിയാം, ഞാൻ അവരെയും."

"സ്പെയിനിലുണ്ടായ ഈ പുതിയ എപ്പിസോഡ് പോലെ പല വ്യത്യസ്ത ലീഗുകളിലെ നിരവധി ക്ലബുകളുമായി എന്നെ ബന്ധപ്പെടുത്തുന്ന വാർത്തകളും കഥകളും പതിവായിട്ടുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ട യഥാർത്ഥ സത്യം കണ്ടെത്തുന്നതിൽ ആരും ശ്രദ്ധിക്കുന്നില്ല."

"ഞാനിപ്പോൾ മൗനം മുറിച്ച് ആളുകൾ എന്റെ പേരുമായി കളിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നു തീർത്തു പറയുകയാണ്. എന്റെ കരിയറിലും ജോലിയിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞാൻ നേരിടേണ്ട എല്ലാ വെല്ലുവിളികൾക്കും വേണ്ടി തയ്യാറെടുത്തു കഴിഞ്ഞു. ബാക്കിയെല്ലാം സംസാരം മാത്രമാണ്." റൊണാൾഡോ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിലേക്ക് റൊണാൾഡോയെ തിരിച്ചെത്തിക്കാൻ ആൻസലോട്ടി ക്ലബ് നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ശക്തമായതിനെ തുടർന്ന് ഇറ്റാലിയൻ പരിശീലകൻ തന്നെ അതു നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റൊണാൾഡോയും ഇതേക്കുറിച്ച് പ്രസ്താവനയിറക്കിയത്.

facebooktwitterreddit