"ഞാനങ്ങനെ പറഞ്ഞിട്ടില്ല"- തന്റെ പേരിൽ പ്രചരിക്കുന്ന വാക്കുകൾ നിഷേധിച്ച് റൊണാൾഡോ


ബ്രെന്റ്ഫോഡിനെതിരായ മത്സരത്തിലെ മൂന്നു ഗോൾ വിജയത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് "തന്റെ നാളുകൾ അവസാനിച്ചിട്ടില്ല" എന്ന വാക്കുകൾ പറഞ്ഞുവെന്ന വാർത്തകൾ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു റൊണാൾഡോ ഫാൻ പേജ് ഇട്ട പോസ്റ്റിനു മറുപടിയായാണ് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം വ്യക്തമാക്കിയത്.
മത്സരത്തിനു ശേഷം റൊണാൾഡോ പറഞ്ഞതെന്ന പേരിൽ യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളിലെല്ലാം ഈ വാക്കുകൾ വാർത്തയായി വന്നിരുന്നു. തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായും അടുത്ത സീസണിലും താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന സൂചനയായും ആ വാക്കുകൾ വ്യാഖ്യാനിക്കപ്പെട്ടു. എന്നാലിപ്പോൾ റൊണാൾഡോ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തു വന്നിരിക്കയാണ്.
Ronaldo coming clutch on Instagram to body his fanpage for posting false information. pic.twitter.com/G1Ffe7PIRl
— 5️⃣?️?™ (@ChadCuler) May 3, 2022
റൊണാൾഡോ7ക്ലബ് എന്ന പേരിലുള്ള ഒരു ഇൻസ്റ്റഗ്രാം പേജിലും താരത്തിന്റെ വാക്കുകളെന്ന പേരിൽ ഇതു പോസ്റ്റായി വന്നിരുന്നു. മത്സരത്തിനു ശേഷം റൊണാൾഡോ ക്യാമറയോട് ഈ വാക്കുകൾ പറഞ്ഞുവെന്നാണ് അവർ പോസ്റ്റിൽ പറയുന്നത്. എന്നാൽ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ റൊണാൾഡോ തന്നെ "ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല" എന്ന് അതിനു മറുപടിയും നൽകി.
മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയ വാക്കുകൾ റൊണാൾഡോ തന്നെ നിഷേധിച്ചതോടെ അടുത്ത സീസണിൽ താരം ക്ലബിൽ തുടരാനുള്ള സാധ്യതയും മങ്ങിയിട്ടുണ്ട്. ഈ സീസണിൽ ക്ലബിന്റെ ടോപ് സ്കോറർ ആണെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതും പുതിയ പരിശീലകനായി എറിക്ക് ടെൻ ഹാഗ് എത്തുന്നതുമാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യത വർധിപ്പിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.