Football in Malayalam

"ഈ തുടക്കം വളരെ പ്രാധാന്യമുള്ളത്"- ഹംഗറിക്കെതിരായ വിജയത്തിൽ പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Hungary v Portugal - UEFA Euro 2020: Group F
Hungary v Portugal - UEFA Euro 2020: Group F / Alex Pantling/Getty Images
facebooktwitterreddit

യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ വളരെയധികം പോരാട്ടവീര്യം കാഴ്ച വെച്ച ഹംഗറിക്കെതിരെ നേടിയ വിജയം വളരെ പ്രധാനപ്പെട്ടതാണെന്ന് ടീമിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിന്റെ എൺപത്തിനാലാം മിനുട്ടു വരെയും പോർച്ചുഗലിനെ ഗോളടിപ്പിക്കാതെ പിടിച്ചു കെട്ടുകയും മികച്ച ആക്രമണങ്ങൾ കൊണ്ട് വിറപ്പിക്കുകയും ചെയ്‌ത ഹംഗറിക്കെതിരെ അവസാന മിനിറ്റുകളിൽ മൂന്നു ഗോൾ നേടിയാണ് പോർച്ചുഗൽ വിജയം നേടിയത്.

റാഫേൽ ഗുറെറോ ഹംഗറിയുടെ പോരാട്ടവീര്യത്തെ നിർവീര്യമാക്കി പോർച്ചുഗലിന്റെ ആദ്യഗോൾ നേടിയപ്പോൾ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ശേഷിക്കുന്ന രണ്ടു ഗോളുകൾ നേടിയത്. നിലവിലെ ചാമ്പ്യന്മാരെന്ന ലേബലിൽ യൂറോ കപ്പ് ടൂർണമെന്റിനിറങ്ങിയ പോർച്ചുഗലിന്റെ ഈ വിജയം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് മത്സരത്തിനു ശേഷം റൊണാൾഡോ പറഞ്ഞു.

"ഇതുപോലെയൊരു തുടക്കം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഇനി ഞങ്ങൾക്കിതു തുടരണം, അടുത്ത മത്സരത്തെക്കുറിച്ച് ചിന്തിച്ച് അതിൽ വിജയം നേടാൻ ശ്രമിക്കണം. വിജയം നേടുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ റൊണാൾഡോ പറഞ്ഞു.

"വളരെ മികച്ച രീതിയിൽ പ്രതിരോധിച്ച എതിരാളികൾക്കെതിരെ ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു കഴിഞ്ഞത്. എങ്കിലും ഞങ്ങൾ മൂന്നു ഗോളുകൾ കുറിച്ചു. മത്സരത്തിൽ രണ്ടു ഗോളുകൾ നേടാനും കളിയിലെ താരമാകാനും എന്നെ സഹായിച്ച സഹതാരങ്ങളോട് എനിക്ക് വളരെയധികം നന്ദിയുണ്ട്." റൊണാൾഡോ വ്യക്തമാക്കി.

ഇരട്ടഗോളുകൾ നേടിയതോടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. പതിനൊന്നു ഗോളുകൾ നേടിയ റൊണാൾഡോ ഫ്രഞ്ച് ഇതിഹാസമായ പ്ലാറ്റിനിയുടെ റെക്കോർഡാണ് മറികടന്നത്. അടുത്ത മത്സരത്തിൽ ജർമനിയെയാണ് പോർച്ചുഗൽ നേരിടേണ്ടത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit