Transfers

പോഗ്ബയെ നൽകി റൊണാൾഡോയെ തിരിച്ചെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, വെല്ലുവിളിയുമായി പിഎസ്‌ജി

Sreejith N
Manchester United v Juventus - UEFA Champions League Group H
Manchester United v Juventus - UEFA Champions League Group H / Michael Regan/Getty Images
facebooktwitterreddit

പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തുന്നതിനുള്ള സാധ്യതകൾ ശക്തമാകുന്നു. യുവന്റസ് വിടാൻ തയ്യാറെടുക്കുന്ന പോർച്ചുഗൽ താരത്തെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുകയാണെന്ന് ലാ ഗസറ്റ ഡെല്ലോ സ്പോർട് പുറത്തുവിട്ടു. റൊണാൾഡോയെ സ്വന്തമാക്കുന്നതിനു പകരം പോൾ പോഗ്ബയെ യുവന്റസിനു വിട്ടു കൊടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണെന്നും ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

യുവന്റസ് അവസാന സീരി എ മത്സരം വിജയിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയെടുത്തതിനു പുറമെ രണ്ടു സീരി എ കിരീടങ്ങളും ഈ സീസണിൽ നേടിയെങ്കിലും റൊണാൾഡോ ടീം വിടാൻ തയ്യാറെടുത്തു നിൽക്കെയാണ്. സാമ്പത്തിക പ്രതിസന്ധികളിൽ ബുദ്ധിമുട്ടുന്ന യുവന്റസിന് താരത്തിന്റെ വമ്പൻ പ്രതിഫലക്കരാർ താങ്ങാൻ ബുദ്ധിമുട്ടായതു കൊണ്ട് റൊണാൾഡോ ടീം വിടുന്നതിനോട് ഇറ്റാലിയൻ ക്ലബിനും അഭിപ്രായ വ്യത്യാസമില്ല.

യുവന്റസിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത അല്ലെഗ്രിക്കും റൊണാൾഡോ ടീം വിടുന്നതിനോട് വിയോജിപ്പില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെയാണ് താരത്തെ സ്വന്തമാക്കാൻ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് വന്നിരിക്കുന്നത്. അല്ലെഗ്രിക്കു കീഴിൽ മുൻപ് കളിച്ചിട്ടുള്ള പോഗ്ബ കൂടി ട്രാൻസ്ഫറിൽ ഉൾപ്പെടുന്നതോടെ ഇരുതാരങ്ങളുടെയും കൈമാറ്റക്കരാർ അനായാസം നടക്കാൻ തന്നെയാണ് സാധ്യത.

അതേസമയം റൊണാൾഡോ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വെല്ലുവിളിച്ച് ഫ്രഞ്ച് ക്ലബായ പിഎസ്‌ജി രംഗത്തുണ്ട്. അടുത്ത സീസണിൽ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ സാധ്യതയുള്ളതിനാൽ റൊണാൾഡോയെ അതിനു പകരം ടീമിലെത്തിക്കാൻ പിഎസ്‌ജിയും ശ്രമം നടത്തുന്നുണ്ട്. ഈ രണ്ടു ക്ലബുകളും താരത്തിനു മുന്നിൽ വെക്കുന്ന ഓഫറുകളായിരിക്കും റൊണാൾഡോ ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്നതിനെ നിർണയിക്കുക.

നിലവിൽ യുവന്റസിൽ അഞ്ചു ലക്ഷം പൗണ്ട് ആഴ്ചയിൽ പ്രതിഫലം വാങ്ങുന്ന റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറണമെങ്കിൽ പ്രതിഫലം വെട്ടിക്കുറക്കേണ്ടി വരുമെന്ന കാര്യം വ്യക്തമാണ്. അതേസമയം പിഎസ്‌ജി അതിനേക്കാൾ മികച്ചൊരു ഓഫർ താരത്തിനു മുന്നിൽ വെക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമെ പുതിയ വെല്ലുവിളികൾ എക്കാലവും ഇഷ്ടപ്പെടുന്ന റൊണാൾഡോ ഇതുവരെ കളിച്ചിട്ടില്ലാത്ത ഫ്രഞ്ച് ലീഗിനെ തിരഞ്ഞെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

facebooktwitterreddit