"ഞങ്ങൾ ഒറ്റക്കെട്ട്"- മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയമാഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
By Sreejith N

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡ്രസിങ് റൂമിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾക്ക് തങ്ങൾ ഒറ്റക്കെട്ടാണെന്ന മറുപടി നൽകി ടീമിലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചതിനു ശേഷം ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിലാണ് റൊണാൾഡോ ടീമിലെ താരങ്ങൾ ഒരുമിച്ചുണ്ടെന്നു വ്യക്തമാക്കിയത്.
നിലവിൽ ടീമിന്റെ നായകനായ ഹാരി മാഗ്വയറെ മറികടന്ന് റൊണാൾഡോക്ക് കൂടുതൽ അധികാരം പരിശീലകൻ റാങ്നിക്ക് നൽകിയെന്നും അതിന്റെ പേരിൽ അസ്വാരസ്യങ്ങൾ ഉണ്ടായെന്ന വാർത്തകളുമാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തു വന്നത്. മാഗ്വയർ, റാങ്നിക്ക്, ഫ്രെഡ്, റാഷ്‌ഫോഡ് തുടങ്ങിയവർ ഇതിനെ നിഷേധിച്ചു രംഗത്തെത്തിയതിനു പിന്നാലെയാണ് റൊണാൾഡോ സംഭവത്തിൽ പരോക്ഷമായി പ്രതികരിച്ചിരിക്കുന്നത്.
"മാഡ്രിഡിലേക്ക് പോകാനും ചാമ്പ്യൻസ് ലീഗ് മത്സരത്തിലേക്ക് ശ്രദ്ധ തിരിക്കാനും ഒരുങ്ങുന്നതിനു മുന്നോടിയായി നേടിയ വളരെ പ്രധാനപ്പെട്ട പ്രീമിയർ ലീഗ് വിജയം. ട്രാക്കിലേക്ക് നമ്മൾ തിരിച്ചു വന്നിരിക്കുന്നു, ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും." ലീഡ്‌സിനെതിരെ നേടിയ വിജയത്തിൽ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
റൊണാൾഡോ ഗോൾ നേടാതിരുന്ന മത്സരത്തിൽ ഹാരി മാഗ്വയർ, ബ്രൂണോ ഫെർണാണ്ടസ്, ഫ്രെഡ്, ആന്തണി എലാങ്ക എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ലക്‌ഷ്യം കണ്ടത്. റോഡ്രിഗോ, റാഫിന്യ എന്നിവരാണ് ലീഡ്‌സ് യുണൈറ്റഡിനായി ലക്‌ഷ്യം കണ്ടത്. മത്സരത്തിൽ വിജയിച്ചതോടെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്തു തുടരുകയാണ്.
ചാമ്പ്യൻസ് ലീഗിൽ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. ലീഡ്‌സിനെതിരെ റെഡ് ഡെവിൾസ് മികച്ച വിജയം നേടിയപ്പോൾ ഒസാസുനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്താണ് ചാമ്പ്യൻസ് ലീഗ് മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ അത്ലറ്റികോ മാഡ്രിഡ് പൂർത്തിയാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.