ലക്സംബർഗിനെതിരെ ഹാട്രിക്ക്, മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി റൊണാൾഡോ


ലക്സംബർഗിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ റൊണാൾഡോയുടെ ഹാട്രിക്ക് നേട്ടത്തിന്റെ കരുത്തിൽ ഗംഭീര വിജയം സ്വന്തമാക്കി പോർച്ചുഗൽ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പോർച്ചുഗൽ വിജയം നേടിയപ്പോൾ എട്ടാമത്തെയും പതിമൂന്നാമത്തേയും മിനിറ്റുകളിൽ പെനാൽറ്റിയിലൂടെയും എൺപത്തിയേഴാം മിനുട്ടിൽ ഹെഡർ ഗോളിലൂടെയുമാണ് റൊണാൾഡോ തന്റെ ഹാട്രിക്ക് നേട്ടം പൂർത്തിയാക്കിയത്.
ഇന്നലത്തെ ഹാട്രിക്കോടെ കരിയറിൽ അൻപത്തിയെട്ടാമത്തെ ഹാട്രിക്ക് നേട്ടമാണ് റൊണാൾഡോ സ്വന്തമാക്കുന്നത്. ഇതിനു പുറമെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഹാട്രിക്ക് നേടിയ താരമെന്ന നേട്ടവും പോർച്ചുഗൽ നായകൻ ഇന്നലത്തെ മത്സരത്തോടെ സ്വന്തം പേരിലാക്കി. നേരത്തെ തന്നെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിലുള്ള റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടി പത്താമത്തെ ഹാട്രിക്കാണ് സ്വന്തമാക്കിയത്.
"മറ്റൊരു വിജയം, ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവട്, ഞങ്ങളുടെ ജേഴ്സിയെ പ്രതിരോധിച്ച മറ്റൊരു ചരിത്രപരമായ രാത്രി! ആദ്യം മുതൽ അവസാനം വരെ നമ്മൾക്കൊപ്പം നിൽക്കുന്ന ആരാധകർക്കൊപ്പം സ്വന്തം നാട്ടിൽ കളിക്കുമ്പോൾ എല്ലാം കൂടുതൽ അനായാസമാണ്. കൂടുതൽ കൂടുതൽ വിജയങ്ങൾ ഉറ്റുനോക്കുമെന്നു ഞാൻ പറഞ്ഞിട്ടുണ്ട്, അതെന്റേയും ഞങ്ങളുടെയും ഡിഎൻഎയിലുള്ളതാണ്, ഞങ്ങൾ ഒരിക്കലും സംതൃപ്തരാവില്ല, ഞങ്ങൾ വിട്ടുകൊടുക്കാനും തയ്യാറാവില്ല, ഞങ്ങൾ നേടാൻ കഴിയുന്നതിനു വേണ്ടിയെല്ലാം പോരാടുക തന്നെ ചെയ്യും." മത്സരത്തിനു ശേഷം റൊണാൾഡോ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
അന്താരാഷ്ട്ര മത്സരങ്ങളിൽ റൊണാൾഡോ ഏറ്റവുമധികം ഗോളുകൾ നേടിയ ടീമായും ഇന്നലത്തെ മത്സരത്തോടെ ലക്സംബർഗ് മാറി. മുപ്പത്തിയാറുകാരനായ താരം ഇന്നലത്തെ ഗോളുകളും ചേർത്ത് ഇതുവരെ ഒൻപതു ഗോളുകളാണ് ലക്സംബർഗിനെതിരെ നേടിയിരിക്കുന്നത്. മത്സരത്തിൽ ഒരു റൊണാൾഡോയുടെ ഒരു അക്രോബാറ്റിക് ഗോൾശ്രമം ഗോളി തടുത്തില്ലായിരുന്നെങ്കിൽ ഈ വർഷം പിറന്ന ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി അതു മാറിയേനെ.
Cristiano Ronaldo is denied his hat trick after a top-notch save on a sensational bicycle kick attempt ?
— Planet Fútbol (@si_soccer) October 12, 2021
(via @ESPNFC) pic.twitter.com/79rLaJB9R6
റൊണാൾഡോക്ക് പുറമെ ബ്രൂണോ ഫെർണാണ്ടസ്, പാലിന്യ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റു ഗോളുകൾ നേടിയത്. ഗോൾ നേടിയതിനു ശേഷം പാലിന്യ റൊണാൾഡോയുടെ തന്നെ 'സി' സെലിബ്രേഷൻ പുറത്തെടുത്തത് കൗതുകകരമായിരുന്നു. വിജയത്തോടെ ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ ആറ് മത്സരങ്ങളിൽ നിന്നും പതിനാറു പോയിന്റുള്ള പോർച്ചുഗൽ ഏഴു മത്സരങ്ങളിൽ പതിനേഴു പോയിന്റ് നേടിയ സെര്ബിയക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്.