'ഞാൻ എല്ലായ്പ്പോളും നിങ്ങളിൽ ഒരുവനായിരിക്കും'; യുവന്റസിനോട് ഹൃദയംഗമമായി വിട പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചു പോക്ക് സ്ഥിരീകരിച്ചതിന് പിന്നാലെ തന്റെ ഇപ്പോളത്തെ ക്ലബ്ബായ യുവന്റസിനോട് ഹൃദയംഗമായി വിട പറഞ്ഞ് പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ എല്ലായ്പ്പോളും, നിങ്ങളിൽ ഒരുവനായിരിക്കുമെന്നും തന്റെ ചരിത്രത്തിന്റെ ഭാഗമാണ് ഇപ്പോൾ യുവന്റസെന്നും ഇൻസ്റ്റഗ്രാമിൽ കുറിച്ച റൊണാൾഡോ യുവന്റസും, അവിടുത്തെ ആരാധകരും എപ്പോളും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.
"ഇന്ന് അതിശയകരമായ ഒരു ക്ലബ്ബിൽ നിന്ന് ഞാൻ വേർപിരിയുകയാണ്. ഇറ്റലിയിലെ ഏറ്റവും വലിയ, യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിൽ നിന്നും. ഞാൻ എന്റെ ഹൃദയവും ആത്മാവും യുവന്റസിന് നൽകി. എന്റെ അവസാന നാളുകൾ വരെ ടൂറിൻ നഗരത്തെ ഞാൻ സ്നേഹിക്കും."
"ടിഫോസി ബിയാൻകോണറി എന്നെ എല്ലായ്പ്പോളും ബഹുമാനിച്ചിരുന്നു. എല്ലാ മത്സരങ്ങളിലും, എല്ലാ സീസണുകളിലും അവർക്ക് വേണ്ടി പോരാടി ആ ബഹുമാനത്തിന് നന്ദി പറയാൻ ഞാൻ ശ്രമിച്ചു. അവസാനം, നമുക്കെല്ലാവർക്കും ഒന്ന് തിരിഞ്ഞു നോക്കാം, വലിയ കാര്യങ്ങൾ നമ്മൾ നേടിയെന്ന് മനസിലാക്കാം. നമ്മൾ ആഗ്രഹിച്ചിരുന്ന എല്ലാമില്ല, പക്ഷേ എന്നിട്ടും നമ്മൾ ഒരുമിച്ച് ഒരു മനോഹര കഥ എഴുതി."
"ഞാൻ എല്ലായ്പ്പോളും നിങ്ങളിൽ ഒരുവനായിരിക്കും. നിങ്ങൾ ഇപ്പോൾ എന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഞാൻ നിങ്ങളുടെ ഭാഗമാണെന്ന് എനിക്കും തോന്നുന്നു. ഇറ്റലി, യുവന്റസ്, ടൂറിൻ, ടിഫോസി ബിയാൻകോണറി നിങ്ങൾ എപ്പോളും എന്റെ ഹൃദയത്തിലുണ്ടാകും". യുവന്റസിനുള്ള തന്റെ വിടവാങ്ങൽ സന്ദേശത്തിൽ റൊണാൾഡോ കുറിച്ചു.
അതേ സമയം 2018 ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ റൊണാൾഡോ മൂന്ന് സീസണുകൾ അവർക്കൊപ്പം കളിച്ചതിന് ശേഷമാണ് ഇപ്പോൾ ക്ലബ്ബ് വിടുന്നത്. യുവന്റസിനായി കളിച്ച 134 മത്സരങ്ങളിൽ 101 ഗോളുകൾ നേടിയ താരം 22 ഗോളുകൾക്ക് വഴിയുമൊരുക്കി. ആദ്യ രണ്ട് സീസണുകളിൽ ക്ലബ്ബിനൊപ്പം സീരി എ കിരീടത്തിൽ മുത്തമിട്ട റോണോ കഴിഞ്ഞ തവണ കോപ്പ ഇറ്റാലിയ കിരീടവും അവർക്കൊപ്പം നേടി.