Football in Malayalam

യങ് ബോയ്‌സിനെതിരായ തോൽവിക്ക് ശേഷം സോള്‍ഷ്യാറുടെ വാക്കുകള്‍ കേട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അമ്പരന്നെന്ന് റിപോർട്ട്

Haroon Rasheed
Villarreal v Manchester United - UEFA Champions League
Villarreal v Manchester United - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റ പരിശീലകനായിരുന്നപ്പോള്‍ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ ടീമിന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞത് കേട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അമ്പരന്നുവെന്ന് റിപ്പോര്‍ട്ട്. ടീം ഏറ്റവും മോശം അവസ്ഥയിലൂടെ കടന്ന് പോയപ്പോഴും ടീമിന്റെ പ്രകടനത്തില്‍ തൃപ്തനാണെന്നായിരുന്നു സോള്‍ഷ്യാര്‍ പറഞ്ഞത്.

ഇതാണ് ക്രിസ്റ്റ്യാനോയെ ഞെട്ടിച്ചിരിക്കുന്നത്. ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ യങ്‌ ബോയ്‌സിനെതിരെയുള്ള 2-1ന്റെ തോല്‍വിക്ക് ശേഷമായിരുന്നു സംഭവമെന്ന് ദ സണ്‍ഡൈ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യങ് ബോയ്‌സിനെതിരെയുള്ള മത്സര ശേഷം മികച്ച പ്രകടനമായിരുന്നെന്നും താരങ്ങളുടെ പ്രകടനത്തില്‍ സന്തോഷവാനാണെന്നും സോള്‍ഷ്യാര്‍ പറഞ്ഞു. ഇത് റൊണാൾഡോയെ അമ്പരിപ്പിച്ചെന്നും, ടീമിന്റെ പ്രകടനം ദാരുണമായിരുന്നെന്ന് പോർച്ചുഗീസ് ചൂണ്ടിക്കാട്ടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേ സമയം, പ്രീമിയര്‍ ലീഗില്‍ വാട്‌ഫോര്‍ഡിനെതിരെ 4-1 ന്റെ തോല്‍വി വഴങ്ങിയതിന് ശേഷമായിരുന്നു സോള്‍ഷ്യാറെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്. പിന്നാലെ താത്കാലിക പരിശീലകനായി മൈക്കില്‍ കാരിക്കിന് ചുമതല നൽകിയ യുണൈറ്റഡ്, സീസൺ അവസാനം വരെയുള്ള കരാറിൽ റാൽഫ് റാങ്നിക്കിനെ ഇടക്കാല പരിശീലകനായി കൊണ്ട് വരുന്നുണ്ട്. ചെൽസിക്കെതിരായ മത്സരത്തിന് ശേഷമാകും റാങ്നിക്ക് യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്.

തങ്ങളുടെ അടുത്ത സ്ഥിരപരിശീലകനായ പി.എസ്.ജി പരിശീലകന്‍ മൗറിസിയോ പൊച്ചറ്റീനോ, അയാക്‌സ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് എന്നിവരെ യുണൈറ്റഡ് ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് വിവരം. റയല്‍ മാഡ്രിഡ് പരിശീലകനായ സിനദിന്‍ സിദാനെ ടീമിലെത്തിക്കാന്‍ യുണൈറ്റഡ് നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും ശ്രമം വിജയം കണ്ടില്ല. ഇവർക്ക് പുറമെ, ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെണ്ടൻ റോഡ്‌ജേഴ്‌സിന്റേതും യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്ന പേരാണ്.


facebooktwitterreddit