മാഞ്ചസ്റ്റർ യുണൈറ്റഡിൽ മാറ്റങ്ങൾ വരുത്താൻ എറിക് ടെൻ ഹാഗിനെ അനുവദിക്കണമെന്ന് റൊണാൾഡോ

Ronaldo Backs Ten Hag To Bring Success To Man Utd
Ronaldo Backs Ten Hag To Bring Success To Man Utd / Bryn Lennon/GettyImages
facebooktwitterreddit

അത്യധികം നിരാശപ്പെടുത്തിയ ഒരു സീസണു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ എത്തിയ എറിക് ടെൻ ഹാഗിന് പൂർണപിന്തുണ നൽകി ടീമിലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവതാരങ്ങളാണ് ക്ലബിന്റെ ഭാവിയെന്നു പറഞ്ഞ റൊണാൾഡോ അവർക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്നും ടീമിൽ മാറ്റങ്ങൾ വരുത്താൻ എറിക് ടെൻ ഹാഗിന് അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടു.

"അയാക്‌സിൽ വളരെ മികച്ച പ്രവർത്തനം നടത്തിയ അദ്ദേഹം പരിചയസമ്പത്തുള്ള ഒരു പരിശീലകനാണ് എന്നിരിക്കെ സമയം നൽകി തന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്യാനുള്ള അനുവാദവും നൽകണം. എറിക് ടെൻ ഹാഗ് വിജയിക്കും എന്നു ഞാൻ കരുതുന്നു, അദ്ദേഹം വിജയിച്ചാൽ ഈ ക്ലബ് മുഴുവൻ വിജയിക്കും, അതിനാൽ ആശംസകൾ നേരുന്നു."

"പുതിയ തലമുറയാണ് ക്ലബിന്റെ ഭാവിയാകുന്നത്. അവർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനെ ഞാൻ പിന്തുണക്കുന്നു. എന്നാൽ അവരെയെല്ലാം ശരിയായ സ്ഥാനങ്ങളിൽ തന്നെ ഉപയോഗിക്കണം. പ്രീമിയർ ലീഗിൽ കളിക്കുകയെന്നത് വളരെ സമ്മർദ്ദം നൽകുന്ന കാര്യമാണ്."

"പ്രീമിയർ ലീഗ് ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ലീഗാണെന്നാണ് ഞാൻ കരുതുന്നത്. അവർക്ക് അവസരങ്ങളും സമയവും നൽകി, സാധാരണ രീതിയിൽ തന്നെ, സമ്മർദ്ദമില്ലാതെ അവരെ വളരാൻ അനുവദിക്കണം." മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തു വിട്ട വീഡിയോയിൽ റൊണാൾഡോ പറഞ്ഞു.

ടെൻ ഹാഗ് പരിശീലകനായി എത്തുകയും മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാതിരിക്കുകയും ചെയ്‌തതോടെ റൊണാൾഡോ അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകുമോയെന്ന സംശയം പലർക്കും ഉണ്ടായിരുന്നു. എന്നാൽ താരം ക്ലബിനൊപ്പം തന്നെ തുടരുമെന്നാണ് ഇപ്പോഴത്തെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.