"റാങ്നിക്കിന്റെ ആശയങ്ങൾ നടപ്പിൽ വരുത്താൻ കൂടുതൽ സമയം നൽകണം"- പരിശീലകനെ പിന്തുണച്ച് റൊണാൾഡോ
By Sreejith N

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരതയില്ലാത്ത പ്രകടനമാണ് ഈ സീസണിൽ നടത്തുന്നതെങ്കിലും പരിശീലകനായ റാൾഫ് റാങ്നിക്കിനു പിന്തുണയുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ജർമൻ പരിശീലകന്റെ പദ്ധതികൾ ക്ലബിൽ നടപ്പിൽ വരുത്താൻ സമയമെടുക്കുമെന്നും അതു വരെ കാത്തിരിക്കണമെന്നുമാണ് റൊണാൾഡോ പറയുന്നത്.
ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയ ഒഴിവിലാണ് നവംബറിൽ താൽക്കാലിക പരിശീലകനായി റാൾഫ് റാങ്നിക്ക് നിയമിക്കപ്പെട്ടത്. ഈ സീസൺ അവസാനം വരെ ക്ലബ്ബിനെ പരിശീലിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്ത അദ്ദേഹം അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉപദേശകനെന്ന ചുമതലയിലേക്കു മാറും.
Ronaldo backs Rangnick in call for support from Man United team-mates #mufc https://t.co/Q6YIhn5Vzv
— Man United News (@ManUtdMEN) January 12, 2022
അതേസമയം ക്ലബ് മികച്ച പ്രകടനം നടത്തിയാൽ അദ്ദേഹത്തിന് സ്ഥിരം കരാർ ലഭിക്കുമെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് പിന്തുണയുമായി റൊണാൾഡോ എത്തിയിരിക്കുന്നത്. റാൾഫ് റാങ്നിക്കിന്റെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ തന്നെ വരുത്തിയിട്ടുണ്ടെന്നും പോർച്ചുഗീസ് നായകൻ അഭിപ്രായപ്പെട്ടു.
"അഞ്ചാഴ്ച്ചകൾക്ക് മുൻപെയാണ് അദ്ദേഹം എത്തിയതെങ്കിലും ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ തന്നെ ഉണ്ടായിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് തന്റെ ആശയങ്ങൾ കളിക്കാർക്കിടയിൽ നടപ്പിൽ വരുത്താൻ സമയം ആവശ്യമാണ്. സമയമെടുക്കുമെങ്കിലും അദ്ദേഹം നല്ലൊരു ജോലിയാണ് ചെയ്യാൻ പോകുന്നതെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ മികച്ച ഫുട്ബോളല്ല കളിക്കുന്നതെങ്കിലും മെച്ചപ്പെടാൻ ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കി കിടക്കുന്നു."
"അദ്ദേഹം വന്നതിനു ശേഷം പല കാര്യങ്ങളിലും ഞങ്ങൾ വളരെയധികം മെച്ചപ്പെട്ടുവെന്ന് എനിക്കു തോന്നുന്നു, എന്നാൽ ഇനിയും സമയം ആവശ്യമുണ്ട്. കളിക്കാരുടെ മനോഭാവവും അവരുടെ ശൈലിയും സംസ്‌കാരവും മാറ്റുന്നത് അത്രയെളുപ്പമല്ല. അദ്ദേഹം നല്ലൊരു ജോലി ക്ലബിൽ നടപ്പിൽ വരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." സ്കൈ സ്പോർട്സിനോട് റൊണാൾഡോ പറഞ്ഞു.
റാങ്നിക്കിനു കീഴിൽ ഏഴു മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചപ്പോൾ അതിൽ നാല് ജയവും രണ്ടു സമനിലയും ഒരു തോൽവിയുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഇത്രയും മത്സരങ്ങളിൽ എട്ടു ഗോൾ നേടിയപ്പോൾ മൂന്നു ഗോൾ മാത്രമാണ് ടീം വഴങ്ങിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.