Football in Malayalam

യുവന്റസിൽ ചേരാൻ റൊണാൾഡോ തന്നോട് ആവശ്യപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി മുൻ ബാഴ്സലോണ താരം

By Gokul Manthara
Real Madrid CF v FC Barcelona - La Liga
Real Madrid CF v FC Barcelona - La Liga / David Ramos/Getty Images
facebooktwitterreddit

2019 ലെ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസിലേക്ക് വരാൻ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോട് ആവശ്യപ്പെട്ടിരുന്നതായി മുൻ ബാഴ്സലോണ താരം ഇവാൻ റാക്കിട്ടിച്ച്. എന്നാൽ തനിക്കായി ബാഴ്സലോണ 50 മില്ല്യൺ യൂറോ വിലയിട്ടെന്നും അത് വളരെ കൂടുതലായിരുന്നതിനാൽ യുവന്റസിലേക്ക് ചേക്കേറാൻ തനിക്ക് കഴിയാതെ പോവുകയായിരുന്നുവെന്നും റാക്കിട്ടിച്ച് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ക്രൊയേഷ്യൻ ദിനപത്രമായ 24 സാറ്റയോട് സംസാരിക്കവെയായിരുന്നു റാക്കിട്ടിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്.

"2019 ലെ വേനൽക്കാലത്ത് ക്രിസ്റ്റ്യാനോ എന്നെ വ്യക്തിപരമായി വിളിച്ച് യുവന്റസിലേക്ക് വരാൻ നിർദ്ദേശിച്ചു. ക്ലബ്ബും എന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആ ട്രാൻസ്ഫർ നടന്നില്ല‌. ബാഴ്സലോണ എനിക്കായി 50 മില്ല്യൺ യൂറോയായിരുന്നു ചോദിച്ചത്. അത് വളരെയധികമായിരുന്നു." റാക്കിട്ടിച്ച് പറഞ്ഞു.

അതേ സമയം ബാഴ്സലോണയുടെ ഉയർന്ന ഡിമാൻഡ് മൂലം റൊണാൾഡോയെന്ന ഇതിഹാസ താരത്തിനൊപ്പം പന്തു തട്ടാനുള്ള സുവർണാവസരമാണ് റാക്കിട്ടിച്ചിന് നഷ്ടമായത്. യുവന്റസിലേക്ക് പോകാനാകാതെ 2019-20 സീസണിലും ബാഴ്സയിൽ തുടർന്ന റാക്കിട്ടിച്ച് തുടർന്ന് അടുത്ത സീസണിൽ 1.5 മില്ല്യൺ യൂറോക്ക് തന്റെ മുൻ ക്ലബ്ബായ സെവിയ്യയിലേക്ക് മടങ്ങുകയായിരുന്നു.

അതേ‌ സമയം ക്രൊയേഷ്യൻ മാധ്യമത്തോട് സംസാരിക്കുന്നതിനിടെ തനിക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ റൊണാൾഡോയെ വാനോളം പ്രശംസിക്കാനും റാക്കിട്ടിച്ച് മറന്നില്ല. എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റൊണാൾഡോയെന്ന് പറഞ്ഞ റാക്കി, അദ്ദേഹം യുവന്റസിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാവരും ആസ്വദിച്ച് കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

""റൊണാൾഡോ എക്കാലത്തെയും മികച്ചവരിലൊരാളാണ്. നിങ്ങൾ ശരിക്കും അദ്ദേഹത്തേയും, അദ്ദേഹം യുവന്റസിൽ ചെയ്യുന്ന കാര്യങ്ങളേയും ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്." "

ഇവാൻ റാക്കിട്ടിച്ച്.
facebooktwitterreddit