റയൽ മാഡ്രിഡ് വിടുന്ന മാഴ്‌സലോക്ക് ഹൃദയസ്‌പർശിയായ സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Ronaldo And Other Stars Send Message To Marcelo
Ronaldo And Other Stars Send Message To Marcelo / VI-Images/GettyImages
facebooktwitterreddit

16 സീസണുകൾ റയൽ മാഡ്രിഡിനു വേണ്ടി കളിച്ച് ക്ലബ് വിട്ട ബ്രസീലിയൻ ഫുൾ ബാക്കായ മാഴ്‌സലോക്ക് ഹൃദയസ്‌പർശിയായ സന്ദേശമയച്ച് ക്ലബിന്റെ മുൻ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു കാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ അടിച്ചു കൂട്ടിയിരുന്ന ഗോളുകൾക്കു പിന്നിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള മാഴ്‌സലോ പോർച്ചുഗീസ് താരവുമായി അടുത്ത സൗഹൃദവും പങ്കു വെച്ചിരുന്നു.

"ഒരു സഹതാരമെന്നതിൽ ഉപരിയായി, ഫുട്ബോൾ എനിക്കു തന്ന സഹോദരൻ. മൈതാനത്തും പുറത്തും, ഡ്രസിങ് റൂം ഷെയർ ചെയ്യാൻ എനിക്ക് വളരെ സന്തോഷമുണ്ടായിരുന്ന മഹത്തായ താരം. പുതിയ സാഹസികതയുമായി മുന്നോട്ടു പോവുക മാഴ്‌സലോ." റൊണാൾഡോ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

റൊണാൾഡോക്ക് പുറമെ മുൻ റയൽ മാഡ്രിഡ് താരം ഇകർ കാസിയസ്‌, മധ്യനിര താരം ടോണി ക്രൂസ് തുടങ്ങി നിരവധി പേർ മാഴ്‌സലോക്ക് ആശംസകൾ അറിയിച്ചിരുന്നു. ചെറിയ കുട്ടിയാവുന്ന സമയത്ത് ഇവിടെയെത്തി ഇത്രയും വലിയൊരു ഇതിഹാസമായി താരം മാറിയതിൽ സന്തോഷമുണ്ടെന്നും ഭാവിയിലേക്ക് മുന്നേറാൻ ആലിംഗനം നൽകുന്നുവെന്നും കസിയസ് കുറിച്ചു,

എല്ലാറ്റിനും നന്ദി, ലോകത്തിലെ ഏറ്റവും മികച്ച ക്ലബിനൊപ്പം ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയ താരത്തിനോടൊപ്പം കളിക്കാനും മനസിലാക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു വിനീഷ്യസ് ജൂനിയർ കുറിച്ചപ്പോൾ താൻ ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കിനൊപ്പം കളിച്ചിട്ടുണ്ടെന്നാണ് ടോണി ക്രൂസ് ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്‌തത്‌.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗും ലാ ലിഗയും ഉൾപ്പെടെ റയൽ മാഡ്രിഡിനു വേണ്ടി 25 കിരീടങ്ങൾ നേടിയ മാഴ്‌സലോ ക്ലബിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമാണ്. റയൽ മാഡ്രിഡ് വിട്ടെങ്കിലും വിരമിക്കാൻ തയ്യാറല്ലാത്ത താരം കളിക്കളത്തിൽ തുടരാൻ തന്നെയാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.