Football in Malayalam

2021ലെ ബാഴ്‌സലോണയുടെയും യുവന്റസിന്റെയും ടോപ് സ്കോറർമാർ യഥാക്രമം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും

Haroon Rasheed
Cristiano Ronaldo and Lionel Messi
Cristiano Ronaldo and Lionel Messi / Nicolò Campo/GettyImages
facebooktwitterreddit

2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സലോണ വിട്ട ലയണൽ മെസ്സിയും, യുവന്റസ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ വർഷം പൂർത്തിയാക്കുന്നത് തങ്ങളുടെ മുൻ ക്ലബുകളുടെ 2021ലെ ടോപ് സ്‌കോറർമാരായി.

ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയിട്ടും കാറ്റാലൻ ക്ലബിന് വേണ്ടി 2021ല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡ്‌ മെസ്സിയുടെ പേരിലാണ്. 2021ല്‍ 28 ഗോളുകളാണ് മെസ്സി ബാഴ്‌സലോണക്ക് വേണ്ടി സ്വന്തമാക്കിയത്.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ മെസ്സി ബാഴ്‌സലോണ വിട്ടിട്ടും ഇതുവരെയും മറ്റൊരു താരത്തിന് ഈ റെക്കോര്‍ഡ് മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. 15 ഗോളുകളുമായി അന്റോയിന്‍ ഗ്രിസ്മാനാണ് മെസ്സിക്ക് താഴെയായി രണ്ടാം സ്ഥാനത്തുള്ളത്. ഈ സീസണില്‍ കാറ്റാലന്‍ ക്ലബിലെത്തിയ മെംഫിസ് ഡിപായ് എട്ട് ഗോളുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

ഈ വർഷം 108 ഗോളുകളാണ് ബാഴ്‌സലോണയിലെ എല്ലാ താരങ്ങളും കൂടി നേടിയത്. ഇതില്‍ 28 ഗോളുകള്‍ മെസ്സിയും, 80 ഗോളുകള്‍ മറ്റുള്ള താരങ്ങളുമാണ് നേടിയത്.

അതേ സമയം, കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയെങ്കിലും റൊണാള്‍ഡോ തന്നെയാണ് ഈ വര്‍ഷത്തെ ഇറ്റാലിയൻ ക്ലബിന്റെ ടോപ് സ്‌കോറര്‍. 20 ഗോളുകളാണ് ഈ വര്‍ഷം പോർച്ചുഗീസ് സൂപ്പർതാരം യുവന്റസിന് വേണ്ടി സ്വന്തമാക്കിയത്. 17 ഗോളുകളുമായി അല്‍വാരോ മൊറാട്ടയാണ് ക്രിസ്റ്റ്യാനോക്ക് താഴെയായി ഉള്ളത്. 15 ഗോളുകളുമായി ഫെഡറിക്കോ കിയേസ മൂന്നാമത് നില്‍ക്കുന്നു.

യുവന്റസ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ക്രിസ്റ്റ്യാനോ അവിടെയും ഗോള്‍ വേട്ട തുടരുന്ന കാഴ്ചയാണ് കാണുന്നത്. യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ 18 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളാണ് ചുവന്ന ചെകുത്താന്‍മാര്‍ക്ക് വേണ്ടി ഇത് വരെ സ്വന്തമാക്കിയിട്ടുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit