വെസ്റ്റ് ഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പൊരുതി നേടിയ വിജയത്തിനു പിന്നാലെ റൊണാൾഡോയുടെ സന്ദേശം


ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള തന്റെ രണ്ടാം വരവിൽ ഓരോ പോയിന്റും നേടാനുള്ള പോരാട്ടത്തെ താൻ വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന സന്ദേശവുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ പിന്നിൽ നിന്നതിനു ശേഷം പൊരുതി നേടിയ വിജയത്തിനു ശേഷം സോഷ്യൽ മീഡിയയിലൂടെയാണ് റൊണാൾഡോ പ്രതികരിച്ചത്.
സൈദ് ബെൻറാമയുടെ ഗോളിൽ വെസ്റ്റ് ഹാം യുണൈറ്റഡ് മുന്നിലെത്തിയതിനു ശേഷം റൊണാൾഡോയും കളി തീരാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ ജെസ്സെ ലിംഗാർഡും നേടിയ ഗോളുകളിലാണ് റെഡ് ഡെവിൾസ് വിജയം നേടിയത്. ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ മത്സരത്തിൽ അപ്രതീക്ഷിതമായി തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആത്മവിശ്വാസം തിരിച്ചു നൽകുന്നതായിരുന്നു ഇന്നലത്തെ വിജയം.
"പ്രീമിയർ ലീഗിലെ ഓരോ മത്സരവും മൂന്നു പോയിന്റുകൾ നേടുന്നതിനു വേണ്ടിയുള്ള മനോഹരമായ പോരാട്ടമാണ്. നമുക്കു മുന്നേറാനുള്ള വഴികളിൽ നേരിടാനുള്ള എല്ലാ തടസങ്ങളുടെയും നേർക്കാഴ്ച ഇന്നു കാണാൻ കഴിഞ്ഞു. എന്നാൽ നമുക്ക് നമ്മുടെ ലക്ഷ്യങ്ങളിൽ മനസിനെ നിലനിർത്തേണ്ടതുണ്ട്. ഒറ്റക്കെട്ടായി, കരുത്തോടെ, ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് ഡെവിൾസ്!" റൊണാൾഡോ മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനു വേണ്ടി ഇറങ്ങിയ ആദ്യ മൂന്നു മത്സരങ്ങളിലും ഗോൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സീരി എ ടോപ് സ്കോററായിരുന്ന താരം രണ്ടു മത്സരങ്ങൾ മാത്രം പ്രീമിയർ ലീഗിൽ കളിച്ചപ്പോഴേക്കും ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി ഗോൾഡൻ ബൂട്ടിനു വെല്ലുവിളിയുയർത്തുമെന്ന വ്യക്തമായ സൂചനകൾ നൽകിക്കഴിഞ്ഞു.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടിയ ജെസ്സെ ലിംഗാർഡിനു കഴിഞ്ഞ മത്സരത്തിൽ താൻ വരുത്തിയ പിഴവിനു നൽകേണ്ടി വന്ന പിഴവിനുള്ള പരിഹാരം കൂടി അതിലൂടെ നൽകാനായി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലിംഗാർഡിന്റെ ബാക്ക് പാസ് പിടിച്ചെടുത്തായിരുന്നു സ്വിസ് ക്ലബ് യങ് ബോയ്സ് വിജയഗോൾ നേടിയത്.