നെയ്മർ നൂറു ശതമാനം ഫിറ്റ്നസിലാണെങ്കിൽ ബ്രസീലിനു ലോകകപ്പ് നേടാൻ സാധ്യതയുണ്ടെന്ന് റൊണാൾഡോ


2022 ലോകകപ്പിന് ഇനി മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അത് അവസാനമായി ബ്രസീൽ ലോകകപ്പ് നേടിയിട്ട് ഇരുപതു വർഷമായെന്നു കൂടിയാണ് വെളിപ്പെടുത്തുന്നത്. ഏറ്റവും കൂടുതൽ ലോകകപ്പുകൾ നേടിയ ടീമായ ബ്രസീൽ ലോകോത്തര താരങ്ങൾ അടങ്ങിയ സ്വപ്നസംഘവുമായി 2002ൽ ലോകകിരീടം നേടിയതിനു ശേഷം ഇതുവരെയും ഒരു ലോകകപ്പ് നേടിയിട്ടില്ല.
എന്നാൽ ഖത്തർ ലോകകപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ സീസണിൽ കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷ ബ്രസീൽ ടീമിനുണ്ട്. അതേസമയം നെയ്മറുടെ ഫോമും ഫിറ്റ്നസും ബ്രസീലിന്റെ കിരീടസാധ്യതയിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന കാര്യമാണെന്നാണ് 2002ൽ ബ്രസീലിനു കിരീടം നേടിക്കൊടുത്ത ടീമിന്റെ ഇതിഹാസതാരം റൊണാൾഡോ പറയുന്നത്.
"കിരീടസാധ്യത ഉള്ളവരായാണ് ബ്രസീൽ ടീം എത്തുന്നതെന്നു ഞാൻ കരുതുന്നു. അതിനൊപ്പം തന്നെ നെയ്മർ നൂറു ശതമാനം ശാരീരികമായ ഫിറ്റ്നസ് നിലനിർത്തിയാൽ ഞങ്ങൾക്ക് കിരീടം നേടാൻ കൂടുതൽ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു." ലാ ലിഗ ക്ലബായ റയൽ വയ്യഡോളിഡിന്റെ ഉടമ കൂടിയായ റൊണാൾഡോ ഓ ദിയയോട് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി പിഎസ്ജിയിൽ കളിക്കുന്ന നെയ്മർ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളെ കുറിച്ചും റൊണാൾഡോ പറഞ്ഞു. "ഈ സാഹചര്യത്തിൽ എന്താണ് സംഭവിക്കുക എന്നെനിക്ക് അറിയില്ല. എന്നാൽ പിഎസ്ജി താരത്തെ ഒഴിവാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും നെയ്മർ ഒരു മികച്ച താരമാണ്, മറ്റൊരു ക്ലബ്ബിനെ കണ്ടെത്തൽ താരത്തിന് ബുദ്ധിമുട്ടാവില്ല." റൊണാൾഡോ പറഞ്ഞു.
യോഗ്യത മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങാതെയാണ് ബ്രസീൽ ഖത്തർ ലോകകപ്പിനായി എത്തുന്നത്. ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.