"ലോകത്തിലെ മോശം താരങ്ങളെയാണോ നിങ്ങൾക്കു വേണ്ടത്?"- മെസി, നെയ്മർ വിമർശകർക്കെതിരെ റൊണാൾഡീന്യോ


ലയണൽ മെസിയെയും നെയ്മറെയും ഈ സീസണിൽ പിഎസ്ജി ആരാധകർ കൂക്കിവിളിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡീന്യോ. ഇവർക്കു പകരം ലോകത്തിലുള്ള മോശം താരങ്ങളെയാണോ വേണ്ടതെന്നും ഇവരല്ലെങ്കിൽ മറ്റാരെ വേണമെന്നാണ് നിങ്ങൾ പറയുന്നതെന്നും അദ്ദേഹം ആരാധകരോട് ചോദിച്ചു.
ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിൽ എത്തിയ മെസിക്ക് തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോടു തോറ്റ് പിഎസ്ജി പുറത്തായതിനു പിന്നാലെ ആരാധകരുടെ രോഷം ഉയരുകയും അവർ അടുത്ത മത്സരത്തിനെത്തിയ താരങ്ങളെ കൂക്കി വിളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് മുൻ പിഎസ്ജി താരം കൂടിയായ റൊണാൾഡീന്യോ പ്രതികരിച്ചത്.
Ronaldinho criticises PSG fans over Lionel Messi and Neymar treatmenthttps://t.co/CwNuE8ZEJp pic.twitter.com/DbqWrXVaJH
— Mirror Football (@MirrorFootball) May 14, 2022
"അവരെല്ലാവരും മഹത്തായ കളിക്കാരായതിനാൽ തന്നെ എനിക്കിത് മനസിലാക്കാൻ കഴിയുന്നില്ല. നിങ്ങൾക്ക് എല്ലാം മാറ്റണോ? എന്താണ് നിങ്ങൾക്ക് വേണ്ടത്, ലോകത്തിലെ മോശം താരങ്ങളെയോ? പുതിയൊരു ജീവിതവും ഫുട്ബോളുമാണ് ഇതെന്ന് അവർ മനസിലാക്കുന്നതു വരെ നമ്മൾ കാത്തിരിക്കണം. മറ്റെല്ലാം പതിയെ പിന്നാലെ വരും. ഈ ഇണങ്ങിച്ചേരൽ കാര്യങ്ങൾ നല്ല രീതിയിലേക്ക് വരുന്നതിനു വേണ്ടിയാണ്."
"നെയ്മർ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. താരത്തിന് ഈ സീസണിൽ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. നൂറു ശതമാനം പൂർണതയോടെയുള്ളപ്പോൾ താരം ടീമിന് വളരെ സ്പെഷ്യലായ കളിക്കാരനാണ്. നെയ്മർ, ഡി മരിയ, മെസി... ലോകത്തിലെ മികച്ച താരങ്ങളെല്ലാം ഒരുമിച്ചുണ്ട്. നിങ്ങൾക്കതിൽ സന്തോഷമില്ലെങ്കിൽ ആരെ വെച്ചാണ് നിങ്ങൾ കളിക്കാൻ പോകുന്നത്?" റൊണാൾഡീന്യോ ആർഎംസി സ്പോർട്ടിനോട് പറഞ്ഞു.
കിലിയൻ എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറുകയാണെന്നും എവിടെ കളിക്കണമെന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എംബാപ്പെ തന്നെയാണെന്നും റൊണാൾഡീന്യോ പറഞ്ഞു. എംബാപ്പയെ തനിക്ക് വളരെ ഇഷ്ടമാണെന്നും അവനവനു സന്തോഷം നൽകുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നതിലുപരിയായി ഒരുപദേശവും താരത്തിന് നൽകാനില്ലെന്നും റൊണാൾഡീന്യോ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.