ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോയുടെ ആർ10 അക്കാദമി ഇന്ത്യയിലെത്തുന്നു


ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡീന്യോയുടെ ആർ10 ഫുട്ബോൾ അക്കാദമി ഇന്ത്യയിൽ എത്തുന്നു. ഒളിമ്പിക് നീന്തൽ ചാമ്പ്യനായ മൈക്കൽ ഫെൽപ്സ്, ക്രിക്കറ്റ് താരമായ യുവരാജ് സിങ്, ബോളിവുഡ് നടൻ ടൈഗർ ഷ്റോഫ് എന്നിവരുമായി ചേർന്ന് ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഭീമന്മാരായ മെർലിൻ ഗ്രൂപ്പ് ആരംഭിക്കുന്ന 'റൈസ്- സ്പോർട്സ് റിപ്പബ്ലിക്' പ്രോജെക്റ്റിലാണ് റൊണാൾഡീന്യോയുടെ ഫുട്ബോൾ അക്കാദമിയും ഭാഗമാകുന്നത്.
കൊൽക്കത്തയുടെ അടുത്തുള്ള പ്രദേശമായ രാജാർഹട്ടിലാണ് ഈ പ്രോജക്റ്റ് തുടങ്ങുന്നത്. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ റൊണാൾഡീന്യോയുടെ ആർ10 അക്കാദമിക്ക് പുറമെ നീന്തൽ, ക്രിക്കറ്റ്, മിക്സഡ് മാർഷ്യൽ ആർട്സ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഈ പ്രൊജക്റ്റിന്റെ ഭാഗമായി നടത്തുന്നുണ്ട്.
വരുന്ന അഞ്ചു മാസത്തിനുള്ളിൽ റൊണാൾഡീന്യോയുടെ ആർ10 അക്കാദമിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് കായിക മാധ്യമമായ ഗോൾ വ്യക്തമാക്കുന്നത്. ഈ സ്പോർട്സ് ടൗൺഷിപ്പിൽ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന ഫൈവ്സ്, സെവൻസ്, നയൻസ് എന്നിങ്ങനെയുള്ള ഫുട്ബോൾ മത്സരങ്ങൾ തുടർച്ചയായി കളിക്കാൻ കഴിയുന്ന മൈതാനം ഉണ്ടായിരിക്കും.
നാല് വയസു മുതൽ 17 വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിശീലനം നൽകാനുള്ള പ്രോഗ്രാമുകൾ ഈ പദ്ധതിയുടെ ഭാഗമാണ്. നിലവിൽ നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നീ സ്ഥലങ്ങളിലുള്ള ആർ10 അക്കാദമികൾ ആഗോള തലത്തിൽ തന്നെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും എത്തുന്നത്.