Football in Malayalam

ലയണൽ മെസി ടീമിലെത്തിയതോടെ പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യതകൾ വർധിച്ചെന്ന് റൊണാൾഡീന്യോ

Sreejith N
Lionel Messi and Ronaldinho are former teammates
Lionel Messi and Ronaldinho are former teammates /
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയതോടെ ഫ്രഞ്ച് ക്ലബിന് ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യതകൾ വർധിച്ചുവെന്ന് ബാഴ്‌സയുടെയും പിഎസ്‌ജിയുടെയും മുൻ താരമായ റൊണാൾഡീന്യോ. ഇരുപത്തിയൊന്ന് വർഷത്തെ ബാഴ്‌സലോണ കരിയർ അവസാനിപ്പിക്കേണ്ടി വന്ന മെസി കഴിഞ്ഞ ദിവസമാണ് പിഎസ്‌ജിയുമായി ഔദ്യോഗികമായി കരാർ ഒപ്പുവെച്ചത്.

മെസി കൂടിയെത്തുന്നതോടെ യൂറോപ്പിലെ ഏറ്റവും കരുത്തരായ ടീമായി പിഎസ്‌ജി മാറിക്കഴിഞ്ഞു. മെസിക്കൊപ്പം, നെയ്‌മർ, എംബാപ്പെ, റാമോസ്, ഡി മരിയ, വൈനാൽഡം, ഡോണറുമ്മ, മാർക്വിന്യോസ്, ഇകാർഡി, വെറാറ്റി തുടങ്ങി ലോകോത്തര നിലവാരമുള്ള താരങ്ങളുടെ നിര തന്നെ പിഎസ്‌ജിയിലുണ്ട്.

"ഈ രണ്ടു ക്ലബുകളിലും കളിച്ചത് വളരെയധികം സന്തോഷം നൽകുന്നതായിരുന്നു. ഇപ്പോൾ എന്റെ സുഹൃത്തും ഈ ജേഴ്‌സി ധരിച്ചിരിക്കയാണ്, ലിയോക്കും അതുപോലെ നിരവധി മുഹൂർത്തങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ സുഹൃത്തായ സെർജിയോ റാമോസും ടീമിലുള്ളത് കൂടുതൽ സന്തോഷമാണ്. ഇത്രയും സൂപ്പർതാരങ്ങൾ ഉള്ളതിനാൽ ചാമ്പ്യൻസ് പട്ടം ഞാൻ മണക്കുന്നു." റൊണാൾഡീന്യോ ട്വിറ്ററിൽ കുറിച്ചു.

റൊണാൾഡീന്യോ ബാഴ്‌സയിൽ പ്രധാന താരമായിരിക്കുമ്പോൾ അരങ്ങേറ്റം കുറിച്ച മെസി ഇന്നു കാണുന്ന താരമായി വളർന്നതിൽ ബ്രസീലിയൻ ഇതിഹാസത്തിനു വലിയ പങ്കുണ്ട്. ഇപ്പോൾ റൊണാൾഡീന്യോക്കും നെയ്‌മർക്കും പിന്നാലെ ബാഴ്‌സലോണയുടെ പ്രധാന താരമായിരുന്നതിനു ശേഷം പിഎസ്‌ജിയിലേക്ക് മെസിയും എത്തിയിരിക്കുകയാണ്.

പിഎസ്‌ജി താരമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു എങ്കിലും ഫ്രഞ്ച് ക്ലബിനൊപ്പമുള്ള അരങ്ങേറ്റത്തിന് മെസി ഇനിയും കാത്തിരിക്കേണ്ടി വരും. കോപ്പ അമേരിക്കക്കു ശേഷം ഇതുവരെയും ഒരു ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ലാത്ത മെസിക്ക് പിഎസ്‌ജിക്കൊപ്പം അരങ്ങേറ്റം കുറിക്കുന്നതിനു മുൻപ് വേണ്ടത്ര തയ്യാറെടുപ്പുകൾ ആവശ്യമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit