മെസിയെ കൂക്കിവിളിക്കുന്ന നിങ്ങൾ ആരെയാണ് അഭിനന്ദിക്കുക? പിഎസ്ജി താരത്തെ വിമർശിക്കുന്നവർക്കെതിരെ റൊണാൾഡീന്യോ


ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോടു ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായതിനു ശേഷമുള്ള ലീഗ് മത്സരത്തിൽ ലയണൽ മെസിയെ കൂക്കി വിളിച്ച പിഎസ്ജി ആരാധകർക്കെതിരെ വിമർശനവുമായി ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോ. മെസിയെ കൂക്കി വിളിക്കുന്നവർക്ക് പിന്നെയാരെയാണ് അഭിനന്ദിക്കാൻ കഴിയുകയെന്നാണ് മുൻ പിഎസ്ജി താരം കൂടിയായ റൊണാൾഡീന്യോ ചോദിച്ചത്.
ബാഴ്സലോണക്കൊപ്പം ഏഴു ബാലൺ ഡി ഓറും സാധ്യമായ മറ്റെല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസിക്കു പക്ഷെ പിഎസ്ജി ട്രാൻസ്ഫർ പൂർത്തിയാക്കിയതിനു ശേഷം തന്റെ പ്രതിഭയെ ന്യായീകരിക്കുന്ന പ്രകടനം ഇതുവരെയും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ലീഗിലെ അസിസ്റ്റ് വേട്ടക്കാരിൽ മുന്നിലുണ്ടെങ്കിലും ഇതുവരെ ഏഴു ഗോളുകൾ മാത്രം നേടിയ താരത്തിനെതിരെ ഫ്രാൻസിൽ വിമർശനം ശക്തമായിരുന്നു.
Ronaldinho doesn't understand why anyone would boo Lionel Messi ?♂️ pic.twitter.com/81uSp5zX5Q
— GOAL (@goal) March 31, 2022
"ഫ്രഞ്ച് ലീഗിൽ നിന്നും വ്യത്യസ്തമായ ശൈലിയിൽ കളിക്കുന്ന, ഒരേ ശൈലി കാലങ്ങളായി പിന്തുടരുന്ന ഒരു ക്ലബിൽ വളരെ വർഷങ്ങൾ കാലിച്ചതിനു ശേഷം ഫ്രാൻസിലെത്തിയ മെസിക്ക് കാര്യങ്ങൾ ബുദ്ധിമുട്ടായിരിക്കും. ടീമുമായി ഇണങ്ങിച്ചേരാൻ താരത്തിന് കഴിഞ്ഞിട്ടില്ല, ബാക്കിയെല്ലാം നൈസർഗികമായി വരും. അതു സ്വാഭാവികമാണ്, താരത്തിന് സമയം മാത്രം മതി."
"എനിക്കീ കൂക്കിവിളികൾ മനസിലാകുന്നില്ല. നിങ്ങൾ മെസിക്കു നേരെ വിസിലടിച്ചാൽ പിന്നെ യാതൊന്നും അവശേഷിക്കുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനു നേരെ നിങ്ങൾ വിസിലടിച്ചാൽ പിന്നെ നിങ്ങൾ ആരെയാണ് അഭിനന്ദിക്കാൻ പോകുന്നത്? എനിക്കത് മനസിലാകുന്നില്ല." റൊണാൾഡീന്യോ എഎസിനോട് പറഞ്ഞു.
മെസിയോ നെയ്മറോ അല്ല പിഎസ്ജിയുടെ പ്രശ്നമെന്നും ചാമ്പ്യൻസ് ലീഗ് വിജയം നേടാൻ കഴിയാത്തതിൽ ക്ലബിന്റെ ആരാധകർക്ക് അസ്വസ്ഥതയുണ്ടെന്നും റൊണാൾഡീന്യോ പറഞ്ഞു. നെയ്മർക്ക് പരിക്കില്ലാതിരുന്നാൽ എല്ലാ വർഷവും ക്ലബിനൊപ്പമോ ദേശീയ ടീമിനൊപ്പമോ കിരീടം നേടാറുണ്ടെന്നും നെയ്മർ, എംബാപ്പെ എന്നിവർക്കൊപ്പം ഇണങ്ങിച്ചേർന്നാൽ ചാമ്പ്യൻസ് ലീഗും അവർക്കു നേടാൻ കഴിയുമെന്നും റൊണാൾഡീന്യോ പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.