Football in Malayalam

മാന്ത്രിക നീക്കങ്ങൾ നഷ്ടപ്പെടാതെ റൊണാൾഡീന്യോ, ബാഴ്‌സ-റയൽ ഇതിഹാസങ്ങളുടെ പോരാട്ടത്തിൽ താരത്തിന്റെ പ്രകടനം കാണാം

Sreejith N
FBL-LEGENDS-BARCELONA-MAN UTD
FBL-LEGENDS-BARCELONA-MAN UTD / AFP Contributor/Getty Images
facebooktwitterreddit

ഫുട്ബോളിൽ ആസ്വാദനത്തിന്റെ പുതിയ കാഴ്‌ചകൾ നമുക്ക് തുറന്നു തന്നിട്ടുള്ള മഹാനായ താരമാണ് റൊണാൾഡീന്യോ. പന്തിന്മേലുള്ള അപാരമായ നിയന്ത്രണവും ശരീരം തന്നെ ബോളിനോടൊപ്പം ഇഴുകിച്ചേർന്നതു പോലെയുള്ള നീക്കങ്ങളും കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിട്ടുള്ള ബ്രസീലിയൻ താരം പ്രൊഫെഷണൽ ഫുട്ബോൾ വിട്ട് വർഷങ്ങളായിട്ടും അതൊന്നും തനിക്ക് കൈമോശം വന്നിട്ടില്ലെന്ന് വീണ്ടുമൊരിക്കൽ കൂടി തെളിയിച്ചു.

ഇന്നലെ നടന്ന ബാഴ്‌സലോണ-റയൽ മാഡ്രിഡ് ഇതിഹാസങ്ങളുടെ മത്സരത്തിലാണ് റൊണാൾഡീന്യോയുടെ മനോഹരമായ പ്രകടനം ആസ്വദിക്കാൻ ആരാധകർക്ക് ഒരിക്കൽ കൂടി ഭാഗ്യമുണ്ടായത്. റിവാൾഡോ, ലൂയിസ് ഫിഗോ, റോബർട്ടോ കാർലോസ്, ഡെക്കോ, സാവിയോള തുടങ്ങിയ നിരവധി ഇതിഹാസതാരങ്ങൾ കളിക്കളത്തിൽ ഉണ്ടായിരുന്നിട്ടും മത്സരത്തിൽ റൊണാൾഡീന്യോ തന്നെയാണ് ആരാധകരുടെ മനം കവർന്നത്.

ശാരീരികപരമായ ഫിറ്റ്നസ് കുറവാണെങ്കിലും മത്സരം കാണാനെത്തിയ മുപ്പതിനായിരത്തോളം വരുന്ന കാണികൾക്ക് വിരുന്നായിരുന്നു റൊണാൾഡീന്യോയുടെ പ്രകടനം. ഫാൻസി ഫ്ലിക്കുകളും റിവേഴ്‌സ് പാസുകളും ട്രിക്കുകളുമായി കളം നിറഞ്ഞു കളിച്ച താരം പെനാൽറ്റി സ്പോട്ടിൽ നിന്നും ഒരു ഗോൾ നേടിയതിനു പുറമെ ഒരു മനോഹര നീക്കത്തിനു ശേഷമുള്ള ഷോട്ട് ബാറിലടിച്ചു തെറിക്കുകയുമുണ്ടായി.

ബാഴ്‌സലോണ ലെജൻഡ്‌സിനു വേണ്ടി ആദ്യഗോൾ നേടിയതിനു ശേഷം റൊണാൾഡീന്യോ നടത്തിയ ഗോളാഘോഷം താരത്തിന്റെ നല്ല നാളുകളെ ഓർമിപ്പിക്കുന്നതായിരുന്നു. വ്യാജപാസ്പോർട്ട് കേസിൽ കൊളംബിയൻ ജയിലിൽ കിടക്കേണ്ടി വരികയും കോവിഡ് മൂലം അമ്മയെ നഷ്‌ടമാവുകയും ചെയ്‌ത താരത്തിന് അതിന്റെ വേദനകൾ മറക്കാൻ കൂടി ഈ മത്സരം സഹായിച്ചുവെന്ന് കരുതാം.

അതേസമയം റൊണാൾഡീന്യോയുടെ മികച്ച പ്രകടനത്തിലും ബാഴ്‌സലോണ ഇതിഹാസങ്ങൾ റയൽ മാഡ്രിഡ് ഇതിഹാസങ്ങളുടെ ടീമിനോട് തോൽവി വഴങ്ങി. റൊണാൾഡീന്യോയും ജോഫ്ര മാറ്റിയുവും ബാഴ്‌സക്ക് വേണ്ടി ഗോൾ നേടിയപ്പോൾ മുനിറ്റിസ്, അൽഫോൻസോ, ഡി ലാ റെഡ് എന്നിവരിലൂടെയാണ് റയൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയത്.

facebooktwitterreddit