Football in Malayalam

കൂമാന്റെ കാര്യത്തിൽ ബാഴ്‌സയുടെ നിലപാടിനെ പരിഹസിച്ച് ഡച്ച് പരിശീലകന്റെ ഏജൻസി; വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചു

Gokul Manthara
Levante v FC Barcelona - La Liga Santander
Levante v FC Barcelona - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

അടുത്ത സീസണിലും റൊണാൾഡ് കൂമാനെ ബാഴ്സലോണയുടെ പരിശീലക‌ സ്ഥാനത്ത് നിലനിർത്തുന്നതിന് വൈമന്യസം കാട്ടുന്ന ക്ലബ്ബ് പ്രസിഡന്റ് ജോവോൻ ലപ്പോർട്ടക്കെതിരെ ആഞ്ഞടിച്ച് ഡച്ച് പരിശീലകന്റെ പ്രതിനിധികൾ. ഈ സമ്മറിൽ കൂമാനെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റാൻ ബാഴ്സലോണ‌ നീക്കങ്ങൾ നടത്തുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകളുണ്ട്.‌ ഇതിനിടെയാണ് ചൊവ്വാഴ്ച ലപ്പോർട്ടയും, കൂമാനും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നും കൂമാനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാൻ ക്ലബ്ബ് ആഗ്രഹിക്കുന്നുവെന്ന വസ്തുത ലപ്പോർട്ട ഡച്ച് മാനേജറെ അറിയിച്ചെന്നുമുള്ള വാർത്ത പുറത്തു വന്നത്.

അടുത്ത രണ്ടാഴ്ചക്കുള്ളിൽ ബാഴ്സലോണ പുതിയ പരിശീലകനെ കണ്ടെത്തുമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ മാത്രം കൂമാന് ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് തുടരാമെന്നുമുള്ള നിലപാടാണ് കറ്റാലൻ ക്ലബ്ബിന്റെ പ്രസിഡന്റായ ലപ്പോർട്ട സ്വീകരിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഈ വാർത്ത ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായതോടെയാണ് റൊണാൾഡ് കൂമാന്റെ പ്രതിനിധികൾ പ്രതികരണവുമായെത്തിയത്. കൂമാനെ പരിശീലക സ്ഥാനത്ത് നിലനിർത്താനുള്ള ബാഴ്സലോണയുടെ താല്പര്യക്കുറവ് അദ്ദേഹത്തിന്റെ പ്രതിനിധികളെ ചൊടിപ്പിക്കുകയായിരുന്നു. കൂമാനെ പ്രതിനിധികരിക്കുന്ന ഏജൻസിയായ വാസർമാൻ ട്വിറ്ററിലൂടെ ഈ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

"എനിക്ക് നിങ്ങളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ എനിക്ക് ചില സംശയങ്ങളുണ്ട്. ഒരു മികച്ച പങ്കാളിയെ കണ്ടെത്താൻ എനിക്ക് രണ്ടാഴ്ച സമയം തരണം. ഈ സമയത്തിനുള്ളിൽ എനിക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനായില്ലെങ്കിൽ, നമ്മൾ എന്തായാലും വിവാഹംകഴിക്കും". ബാഴ്സലോണയുടെ, കൂമാനോടുള്ള പെരുമാറ്റം ഇതേ രീതിയിലാണെന്നായിരുന്നു പരിഹാസ രൂപേണ വാസർമാൻ ട്വിറ്ററിൽ കുറിച്ചത്. എന്നാൽ വിവാദമായതോടെ ഏജൻസി ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്യുകയായിരുന്നു

അതേ സമയം കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്സലോണ കനത്ത പ്രതിസന്ധി യിലൂടെ കടന്നു പോകുന്നതിനിടെ ക്ലബ്ബിലെത്തിയ പരിശീലകനാണ് റൊണാൾഡ് കൂമാൻ. ഇത്തവണത്തെ കോപ്പ ഡെൽറേ കിരീടം ക്ലബ്ബിന് സമ്മാനിച്ച കൂമാന്റെ കീഴിൽ തരക്കേടില്ലാത്ത പ്രകടനമായിരുന്നു സീസണിൽ ബാഴ്സയുടേത്. അത് കൊ‌ണ്ടു തന്നെ കൂമാനെ ഒരൊറ്റ സീസണ് ശേഷം പരിശീലക‌ സ്ഥാനത്ത് നിന്നൊഴിവാക്കുന്നത് അദ്ദേഹത്തോടുള്ള തികഞ്ഞ നീതി കേടായിരിക്കുമെന്ന് വാദമുയരുന്നുണ്ട്. എന്നാൽ ക്ലബ്ബ് പ്രസിഡന്റ് ലപ്പോർട്ട ഇപ്പോളും കൂമാൻ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ‌തീരുമാനം കൈക്കൊ‌ണ്ടിട്ടില്ല. ഇന്നലെ മാധ്യമങ്ങളോട്‌ സംസാരിക്കവെ കൂമാനെക്കുറിച്ചുള്ള ചോദ്യം ലപ്പോർട്ടക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ അദ്ദേഹം ക്ലബ്ബിൽ തുടരുമോ, ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ലപ്പോർട്ട തയ്യാറായില്ല.

facebooktwitterreddit