Football in Malayalam

റൊണാൾഡ് കൂമാൻ 2023 വരെ ബാഴ്സലോണയുടെ പരിശീലകനായി തുടരും; ഇന്ന് ചേരുന്ന മീറ്റിംഗിൽ ഇക്കാര്യം ഔദ്യോഗികമാകുമെന്ന് സൂചന

Gokul Manthara
SD Eibar v FC Barcelona - La Liga Santander
SD Eibar v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

റൊണാൾഡ് കൂമാൻ 2023 വരെ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് തുടരുമെന്നും, ഇന്ന് ചേരുന്ന ബോർഡ് മീറ്റിംഗിന് ശേഷം ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിക്കുമെന്നും സൂചന. 2022 വരെ ക്ലബ്ബുമായി കരാറുള്ള കൂമാന്റെ പരിശീലക സ്ഥാനം തന്നെ അനിശ്ചിതത്വത്തിലായിരിക്കുന്നതിനിടെയാണ് ഒരു വർഷത്തേക്ക് അദ്ദേഹത്തിന് കരാർ നീട്ടി നൽകാൻ ബാഴ്സലോണ ഒരുങ്ങുന്നതായുള്ള വാർത്തകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ക്യാമ്പ് നൗവിലെ ഓഫീസിൽ ഇന്ന് ക്ലബ്ബ് ഡയറക്ടർമാരും, കൂമാന്റെ പ്രതിനിധികളും തമ്മിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം കരാർ ഔദ്യോഗികമാക്കുമെന്നാണ് കറ്റല്യൂണ്യ റേഡിയോ വ്യക്തമാക്കുന്നത്.

കഴിഞ്ഞ സമ്മറിൽ ബാഴ്സലോണയുടെ പരിശീലക സ്ഥാനമേറ്റെടുത്ത കൂമാൻ 2 വർഷ കരാറായിരുന്നു ക്ലബ്ബുമായി ഒപ്പു വെച്ചിരുന്നത്. എന്നാൽ ആദ്യ സീസണിന് ശേഷം അദ്ദേഹത്തിന് പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി‌ വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനിടെയാണ് കൂമാൻ ബാഴ്സയിൽ തുടരുമെന്നും ടീം പ്രതീക്ഷിച്ച ലക്ഷ്യങ്ങളിലെത്തിയാൽ ക്ലബ്ബുമായി ഒരു വർഷത്തെ കരാറിൽ കൂടി ഒപ്പുവെക്കുമെന്നും വാർത്തകൾ വന്നിരിക്കുന്നത്.

അതേ സമയം ക്ലബ്ബിൽ തുടരാൻ കൂമാൻ തന്റെ ശമ്പളം വെട്ടിക്കുറക്കാൻ തയ്യാറാണെന്നാണ് സൂചനകൾ. വരും സീസണിലെ ക്ലബ്ബിന്റെ പ്രകടനങ്ങൾ അനുസരിച്ച് (ട്രോഫികൾ നേടുന്നത് അനുസരിച്ച്) അദ്ദേഹത്തിന് ബോണസ് നൽകാൻ ക്ലബ്ബ് തയ്യാറാകുമെന്നും ഇതിനൊപ്പം കറ്റലൂണ്യ റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. ഇന്നത്തെ ബോർഡ് മീറ്റിംഗിന് ശേഷം ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

2020-21 സീസൺ അവസാനിച്ചതിന് പിന്നാലെയായിരുന്നു ബാഴ്സലോണ പരിശീലക സ്ഥാനത്ത് കൂമാന്റെ സ്ഥാനം അനിശ്ചിതത്വത്തിലാണെന്ന് അഭ്യൂഹങ്ങൾ ശക്തമായത്. ഇതിനിടെ ക്ലബ്ബ് പ്രസിഡന്റ് ലപ്പോർട്ടക്ക് കൂമാനെ പരിശീലക‌ സ്ഥാനത്ത് നിലനിർത്താൻ ആഗ്രഹമില്ലെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോളിതാ ആഴ്ചകൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കൂമാൻ ക്ലബ്ബുമായി പുതിയ കരാർ ഒപ്പുവെക്കുന്നതിന് അടുത്തെത്തിയിരിക്കുന്നു‌.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit