സാവിക്കു നൽകിയത്ര സമയം തനിക്കു ലഭിച്ചില്ല, ബാഴ്സലോണ പ്രസിഡന്റിനെതിരെ റൊണാൾഡ് കൂമാൻ


സാവിക്ക് തന്റെ കഴിവു തെളിയിക്കാൻ നൽകിയത്ര സമയം ലപോർട്ട തനിക്കു നൽകിയില്ലെന്ന് ബാഴ്സലോണയുടെ മുൻ പരിശീലകനായ റൊണാൾഡ് കൂമാൻ. ജോസപ് മരിയ ബാർട്ടമോ പ്രസിഡന്റായിരിക്കുമ്പോൾ സെറ്റിയനു പകരക്കാരനായി ബാഴ്സലോണയിൽ എത്തിയ റൊണാൾഡ് കൂമാൻ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് ഈ സീസണിനിടയിൽ പുറത്താക്കപ്പെടുന്നത്.
കൂമാനു ശേഷമെത്തിയ സാവിയുടെ കീഴിലും ബാഴ്സലോണ ആദ്യം പതറിയെങ്കിലും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങൾ എത്തിയതോടെ ടീം കരുത്തുറ്റതായി മാറിയിട്ടുണ്ട്. ബാഴ്സലോണ പരിശീലകസ്ഥാനത്ത് വിജയിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെങ്കിലും അതിനായി കൂടുതൽ സമയം ലഭിച്ചില്ലെന്നും ലപോർട്ടക്ക് തന്നെ താത്പര്യമില്ലാതിരുന്നതു കൊണ്ടാണ് അതു സംഭവിച്ചതെന്നും കൂമാൻ വ്യക്തമാക്കി.
I was not Laporta’s coach: Koeman breaks silence https://t.co/j3mlHXDYDK
— P.M. NEWS (@pmnewsnigeria) March 3, 2022
"അവർ എനിക്ക് സാവിക്ക് നൽകിയത്ര പോലും സമയം നൽകിയില്ല. അതിപ്പോഴും വേദനിപ്പിക്കുന്ന കാര്യമാണ്. എല്ലാ പരിശീലകർക്കും സമയവും ബോർഡിന്റെ ക്ഷമയും ആവശ്യമാണ്. സാവി തനിക്കു വേണ്ട പരിശീലകനല്ലെന്നും, പരിചയസമ്പത്ത് കുറവാണെന്നും ലപോർട്ട ആയിരം തവണ എന്നോട് പറഞ്ഞിട്ടുണ്ട്."
"ക്യാമ്പ് നൂവിൽ കുറച്ചു കാലത്തേക്ക് നിങ്ങൾക്കെന്നെ കാണാൻ കഴിയില്ല, എനിക്കത് ചെയ്യാനാവില്ല. ഈ പ്രസിഡന്റുള്ളപ്പോൾ ഒന്നും സംഭവിച്ചില്ലെന്നു കരുതാൻ എനിക്കാവില്ല."
"ഞാൻ ലപോർട്ടക്കു വേണ്ട പരിശീലകൻ ആയിരുന്നില്ല. ആദ്യം മുതൽ തന്നെ എനിക്കാ തോന്നൽ ഉണ്ടായിരുന്നു. ഇലക്ഷനു ശേഷം ഞങ്ങൾ തമ്മിൽ വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. മുകളിലുള്ളവരിൽ നിന്നും പിന്തുണയുടെ കുറവുണ്ടായിരുന്നു." മുണ്ടോ ഡീപോർറ്റീവോയോട് സംസാരിക്കുമ്പോൾ റൊണാൾഡ് കൂമാൻ പറഞ്ഞു.
"പണം എനിക്കു പ്രധാനപ്പെട്ട കാര്യമല്ലായിരുന്നു.ബാഴ്സലോണ പരിശീലകനായി വിജയിക്കുക എന്നതും എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുക എന്നുമായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ എന്നെ നിയമിച്ചത് ലപോർട്ട അല്ലാത്തതിനാലാണ് അദ്ദേഹമെന്നെ ഒഴിവാക്കിയത് എന്നാണു ഞാൻ മനസിലാക്കിയത്." കൂമാൻ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.