ഫ്രെങ്കി ഡി യോങ് ബാഴ്സയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി റൊണാൾഡ് കൂമാൻ


ഡച്ച് മധ്യനിരതാരം ഫ്രെങ്കി ഡി യോങ്ങിനെ ബാഴ്സ വിൽക്കുമെന്ന അഭ്യൂഹങ്ങളാണ് ഉയർന്നു വരുന്നതെങ്കിലും ബാഴ്സയിൽ തുടരാൻ തന്നെയാണ് താരത്തിന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി കാറ്റാലൻ ക്ലബിന്റെ മുൻ പരിശീലകനായ റൊണാൾഡ് കൂമാൻ. കൂമാൻ കപ്പ് ഗോൾഫ് ടൂർണമെന്റുമായി ബന്ധപ്പെട്ടു നടന്ന പത്രസമ്മേളനത്തിലാണ് തന്റെ കീഴിൽ കളിച്ച മുൻതാരത്തിന്റെ സാഹചര്യത്തെക്കുറിച്ച് കൂമാൻ സംസാരിച്ചത്.
"എനിക്ക് മെംഫിസും ഫ്രെങ്കിയുമായി ഒരുപാട് ബന്ധമുണ്ട്. അവന്റെ സാഹചര്യം എനിക്കറിയാം. അവൻ അത് തന്നെ പറഞ്ഞതാണ്. അവൻ തുടരാൻ ആഗ്രഹിക്കുന്നു. ബാഴ്സയിൽ തുടരാനാണ് അവന്റെ ഉദ്ദേശം, മറ്റൊന്നുമില്ല. എനിക്കറിയാവുന്നത് ഇത്രമാത്രം," കൂമാൻ പറഞ്ഞു.
"ഇത് എല്ലായ്പോഴും സങ്കീർണ്ണമാണ്. ഇത് വെറും അഭ്യൂഹങ്ങളാണ്, ഇത് ശരിയാണോ എന്ന് എനിക്കറിയില്ല. ബാഴ്സ എല്ലായ്പോഴും മികച്ച കളിക്കാരെ നിലനിർത്തുകയും അവരെ സൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. (ടീമിനെ) മെച്ചപ്പെടുത്താനാണെങ്കിൽ ഫ്രെങ്കി ഡി യോങിനെപ്പോലുള്ള കളിക്കാരെ വിൽക്കാൻ നിങ്ങൾക്ക് പറ്റില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിൽ മെംഫിസ് ഡിപേയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു
"അവൻ കഴിഞ്ഞ വർഷം ലിയോണിൽ നിന്ന് ഫ്രീ [ട്രാൻസ്ഫർ] ആയി വന്നു. താൻ ഒരു മികച്ച കളിക്കാരനാണെന്ന് അവൻ തെളിയിച്ചു. അവനൊരു ബാഴ്സ താരമാണ്, അതിനാലാണ് ഞങ്ങൾ അവനെ സൈൻ ചെയ്തത്. അത് [താരത്തിന്റെ ക്ലബിലെ ഭാവി] സാവിക്ക് അവനെ വേണോ വേണ്ടയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു, പക്ഷേ അവന്റെ കാര്യത്തിൽ എനിക്ക് ഒരു തർക്കവുമില്ല. അവൻ ബാഴ്സക്ക് യോജിച്ചവനാണ്," കൂമാൻ അഭിപ്രായപ്പെട്ടു.
ഡി യോങ്ങിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമായി നിലനിൽക്കുന്നതെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചെൽസിയും താരത്തിൽ താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. ചെൽസി ഉടമ ടോഡ് ബോഹ്ലി ബാഴ്സലോണയുമായി നടത്തിയ ഏറ്റവും പുതിയ ചർച്ചകളിലാണ് ഡി യോങ്ങും ഉൾപ്പെട്ടിരിക്കുന്നത്. ബാഴ്സയിലേക്ക് ചേക്കേറിയ ക്രിസ്റ്റെൻസണിനു പിന്നാലെ ചെൽസി പ്രതിരോധതാരങ്ങളായ അസ്പിലിക്യൂറ്റയിലും മാർക്കസ് അലോൺസോയിലും ബാഴ്സ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.