തോൽവിയിലും ആത്മവിശ്വാസത്തോടെ കൂമാൻ, റയലിനേക്കാൾ ഒട്ടും താഴെയല്ലെന്നു കാണിക്കാൻ ബാഴ്സലോണക്കായെന്ന് പരിശീലകൻ


ക്യാമ്പ് ന്യൂവിൽ വെച്ചു നടന്ന ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും തന്റെ ടീമിന്റെ പ്രകടനം മോശമായിരുന്നില്ലെന്ന അഭിപ്രായവുമായി റൊണാൾഡ് കൂമാൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി നേരിട്ട മത്സരത്തിൽ റയൽ മാഡ്രിഡിനെക്കാൾ താഴെയല്ല തങ്ങളെന്നു കാണിക്കാൻ ബാഴ്സലോണക്ക് കഴിഞ്ഞുവെന്നാണ് കൂമാൻ പറയുന്നത്.
ബാഴ്സലോണയുടെ ആദ്യപകുതിയിലെ പ്രകടനത്തെ പ്രശംസിച്ച റൊണാൾഡ് കൂമാൻ ആതിഥേയരായിരുന്നു ആദ്യഗോൾ നേടിയത് എങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്ന അഭിപ്രായവും പ്രകടിപ്പിച്ചു. രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് അവരുടെ ഭാഗം കൃത്യമായി ചെയ്ത് വിജയം നേടിയെങ്കിലും തന്റെ ടീമിന്റെ പ്രകടനത്തിൽ നിരാശയില്ലെന്നാണ് കൂമാൻ വ്യക്തമാക്കിയത്.
FT Barcelona 1-2 Real Madrid
— BBC Sport (@BBCSport) October 24, 2021
Sergio Aguero scores on his #ElClasico debut, right at the death, but it isn't enough for Barca.
Real Madrid will party tonight, thanks to David Alaba and Lucas Vazquez!
What now for Ronald Koeman?#bbceurofooty
"ആളുകളുടെ നിരാശ ഞാൻ മനസിലാക്കുന്നു. എന്നാലിന്നു ഞങ്ങൾ റയൽ മാഡ്രിഡിനെക്കാൾ താഴെയല്ലെന്നു കാണിച്ചു തന്നു. ഗോൾ വഴങ്ങുന്നതിനു പകരം ഞങ്ങളാണ് മത്സരത്തിൽ 1-0ത്തിനു മുന്നിൽ എത്തിയിരുന്നതെങ്കിൽ എല്ലാം മാറിയേനെ. ഞങ്ങൾ വളരെ മികച്ച പ്രകടനം നടത്തുകയും നിയന്ത്രിക്കുകയും ചെയ്ത ആദ്യത്തെ പകുതിയിൽ ലീഡ് നേടാനുള്ള അവസരവും ഉണ്ടായിരുന്നു."
എന്നാൽ രണ്ടാം പകുതിയിൽ അവർ അവരുടെ ജോലി ചെയ്യുകയും നന്നായി പ്രതിരോധിക്കുകയും ചെയ്തു. ഞങ്ങൾക്ക് അപകടം സൃഷ്ടിക്കാൻ കഴിഞ്ഞതേയില്ല. അവരുടെ പ്രത്യാക്രമണങ്ങളെ ഇപ്പോഴും ശ്രദ്ധിക്കണം. ടീം സമനില നേടാൻ പരമാവധി ശ്രമിച്ചു. മത്സരഫലം നിരാശ നൽകിയെങ്കിലും ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നടത്തിയ പ്രകടനത്തിൽ അങ്ങിനെ തോന്നിയില്ല."
"അവർക്ക് അവരുടെ അവസരങ്ങൾ ലഭിച്ചു. എന്നാൽ ഇരുവരും തുല്യരായ ഒരു മത്സരത്തിൽ ആദ്യം ഗോൾ നേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യാക്രമണങ്ങളിൽ അവർ വളരെ അപകടം സൃഷ്ടിക്കുകയും ചെയ്തിരുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ കൂമാൻ പറഞ്ഞു.
ആക്രമണത്തിൽ ബാഴ്സലോണയുടെ ഫൈനൽ പാസ്, ലാസ്റ്റ് ക്രോസ്, പെനാൽറ്റി ഏരിയയിലെ പൊസിഷൻ എന്നിവയെല്ലാം മെച്ചപ്പെടണമെന്നും കൂമാൻ പറഞ്ഞു. ലൂക്ക് ഡി ജോങിനെ കളത്തിൽ ഇറക്കിയപ്പോൾ ആരാധകർ കൂക്കിവിളിച്ചത് തനിക്ക് ഇഷ്ടമായില്ലെന്നും സ്വന്തം ടീമിനു വേണ്ടി കളിക്കുന്ന താരങ്ങളെ പിന്തുണക്കേണ്ടത് അനിവാര്യമാണെന്നും കൂമാൻ കൂട്ടിച്ചേർത്തു.