ബാഴ്സലോണയിലേക്ക് തിരിച്ചു വരാൻ ഡാനി ആൽവസ് തയ്യാറാണെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് റൊണാൾഡ് കൂമാൻ

മോശം സമയത്തിലൂടെ കടന്നു പോകുന്ന എഫ് സി ബാഴ്സലോണയിലേക്ക് തിരിച്ചു വരാൻ താൻ സന്നദ്ധനാണെന്ന് ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ക്ലബ്ബിലേക്ക് മടങ്ങിയെത്താമെന്നുള്ള തങ്ങളുടെ മുൻ താരത്തിന്റെ വാഗ്ദാനം ബാഴ്സലോണ നിരസിച്ചതായി പിന്നാലെ സ്പാനിഷ് മാധ്യമങ്ങൾ വ്യക്തമാക്കുകയായിരുന്നു. എന്നാൽ ക്ലബ്ബിലേക്ക് ഡാനി ആൽവസിനെ തിരിച്ചു കൊണ്ടു വരാനുള്ള സാധ്യത ബാഴ്സലോണ ചർച്ച ചെയ്തിട്ടില്ലെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് കറ്റാലൻ ക്ലബ്ബിന്റെ പരിശീലകനായ റൊണാൾഡ് കൂമാൻ.
ഡാനി ആൽവസ് ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള സന്നദ്ധത പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ഈ സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു റൊണാൾഡ് കൂമാന്റെ മറുപടി. ക്ലബ്ബിൽ നിന്നുള്ള ആരും ഇതേക്കുറിച്ച് തന്നോട് സംസാരിച്ചിട്ടില്ലെന്നും അതിനാൽ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും ഡൈനാമോ കീവിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ കൂമാൻ വ്യക്തമാക്കി. ഡാനി ആൽവസിന്റെ വാഗ്ദാനം ബാഴ്സലോണ മുഖവിലക്കെടുത്തിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് കൂമാന്റെ ഈ വാക്കുകൾ.
Koeman on Dani Alves interest: No one at the club's told me anything https://t.co/GIBmLc8Skv
— SPORT English (@Sport_EN) October 19, 2021
"ഈ സംഭവത്തെക്കുറിച്ച് (ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള ആൽവസിന്റെ വാഗ്ദാനത്തെക്കുറിച്ച്) എനിക്ക് ഒന്നും തന്നെ അറിയില്ല, ക്ലബ്ബിൽ നിന്നുള്ള ആരും അതിന്റെ സാധ്യതയെക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല, അത് കൊണ്ട് ഞാൻ ഇതിന് ഉത്തരം നൽകാൻ ഇഷ്ടപ്പെടുന്നില്ല." ഡൊണാൾഡ് കൂമാൻ
അതേ സമയം ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോക്ക് വേണ്ടി കളിച്ചിരുന്ന ഡാനി ആൽവസ് ക്ലബ്ബ് വിട്ട് ഫ്രീ ഏജന്റായതിന് പിന്നാലെയായിരുന്നു ബാഴ്സലോണയിലേക്ക് തിരിച്ചു വരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്. നേരത്തെ 2008 മുതൽ 2016 വരെയുള്ള 8 വർഷക്കാലം ബാഴ്സലോണയിൽ നിറഞ്ഞു നിന്ന ആൽവസ്, ക്ലബ്ബിനായി 391 മത്സരങ്ങളിലായിരുന്നു ബൂട്ടുകെട്ടിയത്. കറ്റാലൻ ക്ലബ്ബിനൊപ്പം 14 അഭ്യന്തര കിരീടങ്ങളും, 3 വീതം ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളും ഈ ബ്രസീലിയൻ താരം നേടിയിട്ടുണ്ട്.