ബാഴ്‌സലോണയിൽ നിന്നും പുറത്താക്കപ്പെട്ടതിനു നൽകാനുള്ള നഷ്‌ടപരിഹാരത്തുക വെട്ടിക്കുറക്കണമെന്ന ആവശ്യം നിരാകരിച്ച് കൂമാൻ
By Sreejith N

ബാഴ്‌സലോണ പരിശീലകസ്ഥാനത്തു നിന്നും ഒഴിവാക്കിയതിന്റെ പേരിൽ നൽകാനുള്ള നഷ്ടപരിഹാരത്തുകയിൽ നിശ്ചിത ശതമാനം ഒഴിവാക്കണമെന്ന ക്ലബിന്റെ ആവശ്യം റൊണാൾഡ് കൂമാൻ നിരാകരിച്ചുവെന്ന് റിപ്പോർട്ടുകൾ. ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും കരാർ ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള മുഴുവൻ തുകയും തനിക്ക് ലഭിക്കണമെന്നു കൂമാൻ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റയോ വയ്യക്കാനോയുമായുള്ള മത്സരത്തിലെ തോൽവിക്കു പിന്നാലെയാണ് റൊണാൾഡ് കൂമാനെ ബാഴ്‌സലോണ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കുന്നത്. ഈ സീസൺ അവസാനം വരെ കരാറുണ്ടായിരുന്ന ഡച്ച് പരിശീലകനെ സീസൺ പകുതിക്കു മുൻപേ തന്നെ ഒഴിവാക്കിയതോടെ കരാർ ഉടമ്പടി പ്രകാരമുള്ള നഷ്‌ടപരിഹാരം നൽകാൻ ബാഴ്‌സ ബാധ്യസ്ഥരാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം അതു കുറക്കാൻ ബാഴ്‌സലോണ ശ്രമിച്ചുവെന്നും കൂമാൻ അതിനു തയ്യാറായില്ലെന്നുമാണ് ടിവി3 ജേർണലിസ്റ്റായ ലൂയിസ് കാനുട്ട് പറയുന്നത്.
Ronald Koeman 'is REFUSING to take £4m cut on his Barcelona pay-off' https://t.co/H7OOno40OR
— MailOnline Sport (@MailSport) November 2, 2021
നേരത്തെ നെതർലൻഡ്‌സ് ടീമിന്റെ പരിശീലകനായിരുന്ന റൊണാൾഡ് കൂമാനെ ക്ലബിലെത്തിച്ചതുമായി ബന്ധപ്പെട്ട് ഡച്ച് ഫുട്ബോൾ ഫെഡറേഷന് ബാഴ്‌സ നൽകാനുള്ള അഞ്ചു മില്യൺ യൂറോ നൽകണമെന്നതിൽ മാറ്റമില്ലെന്ന് കാനുട്ട് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ പറഞ്ഞു. അതിനു പുറമെ കൂമാനു മാത്രമായോ അല്ലെങ്കിൽ അദ്ദേഹത്തിനൊപ്പം വന്ന കോച്ചിങ് സ്റ്റാഫ് ഉൾപ്പെടെ ഉള്ളവർക്കും ചേർത്തോ നൽകാനുള്ള പന്ത്രണ്ടു മില്യൺ യൂറോയിൽ നിന്നാണ് ബാഴ്‌സലോണ വെട്ടിക്കുറക്കൽ നടത്താൻ അഭ്യർത്ഥിച്ചത്.
കൂമാനുമായി നടത്തിയ പ്രാഥമിക ചർച്ചകളിൽ നൽകാനുള്ള പന്ത്രണ്ടു മില്യണിൽ നിന്നും നാലു മില്യൺ കുറക്കാനാണ് ബാഴ്‌സലോണ ആവശ്യപ്പെട്ടതെന്നും എന്നാൽ അദ്ദേഹം അത് നിരസിച്ചുവെന്നും കാനുട്ട് പറയുന്നു. നിലവിലെ നേതൃത്വം ഉണ്ടായിരുന്നപ്പോഴല്ല കൂമാന്റെ കരാർ ഒപ്പിട്ടതെങ്കിലും അതിനു സാധുതയുണ്ടെന്നും ബാഴ്‌സലോണ ആ തുക മുഴുവനായും നൽകണമെന്നും ലൂയിസ് കാനുട്ട് വ്യക്തമാക്കി.
അതേസമയം കൂമാനു പകരക്കാരനെ എത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സ നേതൃത്വം. സാവിയാണ് ലിസ്റ്റിലുള്ള പ്രധാന താരമെങ്കിലും ബാഴ്‌സയുടെ ഇടപെടലുകളിൽ തൃപ്‌തരല്ലാത്തതിനാൽ ഖത്തർ ക്ലബായ അൽ സദ്ദ് അദ്ദേഹത്തെ വിട്ടുകൊടുക്കുന്നത് വൈകിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.