ദുരന്തസമാനമായ പ്രകടനം ആവർത്തിച്ച് ബാഴ്‌സലോണ, ആശങ്കയുണ്ടെന്ന് പരിശീലകൻ

Nov 22, 2020, 9:58 AM GMT+5:30
Lionel Messi
Atletico Madrid v FC Barcelona - La Liga Santander | Soccrates Images/Getty Images
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡിനെതിരായ ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണയുടെ പ്രകടനവും ഗോൾ വഴങ്ങിയ രീതിയും ആശങ്കയുണ്ടാക്കുന്നതെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. കഴിഞ്ഞ അഞ്ചു ലാ ലിഗ മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം വിജയം നേടി അത്ലറ്റികോ മാഡ്രിഡിനെ നേരിടാനിറങ്ങിയ ബാഴ്‌സലോണ പ്രതിരോധത്തിന്റെ പിഴവിൽ നിന്നും വഴങ്ങിയ ഒരേയൊരു ഗോളിലാണ് മത്സരത്തിൽ തോൽവി വഴങ്ങിയത്. ഒരു മാസത്തിനിടെ ടീമിന്റെ മൂന്നാമത്തെ തോൽവി കൂടിയാണിത്.

ഇതോടെ ഈ സീസണിൽ എട്ടു ലാ ലീഗ മത്സരങ്ങളിൽ നിന്നും വെറും പതിനൊന്നു പോയിന്റുകൾ മാത്രമാണ് ബാഴ്‌സലോണ സ്വന്തമാക്കിയിരിക്കുന്നത്. 1991-92 സീസണു ശേഷം ടീമിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്. തോൽവിയോടെ ബാഴ്‌സലോണ പത്താം സ്ഥാനത്തേക്ക് വീണപ്പോൾ അത്ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനത്താണ്.

മത്സരത്തിൽ പിക്വ വരുത്തിയ പിഴവിൽ നിന്നും ബാഴ്‌സലോണ വഴങ്ങിയ ഗോളാണ് കൂമാന് അംഗീകരിക്കാൻ കഴിയാത്തത്. "ഇത് ആശങ്കപ്പെടുത്തുന്നതാണ്. ഒരു വമ്പൻ ടീം ഇത്തരത്തിൽ ഗോൾ വഴങ്ങാൻ ഒരിക്കലും പാടില്ലാത്തതാണ്. അത് നാല്‌പത്തിയേഴാം മിനുട്ടിലായിരുന്നു. പന്ത് ഞങ്ങളുടെ കയ്യിലായിരുന്നപ്പോഴാണ് അവർ ഗോൾ നേടിയത്," കൂമാൻ മൂവീസ്‌റ്റാറിനോട് പറഞ്ഞു.

"ഞങ്ങൾ മത്സരം നിയന്ത്രിച്ചെങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെടുക്കുക ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നു. ഏതാനും അവസരം ലഭിച്ചെങ്കിലും മത്സരം ഗോൾരഹിതമായാണ് മുന്നോട്ട് പോയിരുന്നെങ്കിൽ അതു വ്യത്യസ്തമാകുമായിരുന്നു. എല്ലാ പരിശീലകരെയും പോലെ ടീമിന്റെ റിസൾട്ടിന് ഞാൻ തന്നെയാണ് ഉത്തരവാദി," കൂമാൻ വ്യക്തമാക്കി.

1991-92 സീസണിൽ ഇത്തവണത്തേതിനു സമാനമായ രീതിയിൽ തുടങ്ങിയ ബാഴ്‌സലോണ പക്ഷെ റയലിനെ ഒരു പോയിന്റ് വ്യത്യാസത്തിൽ മറികടന്ന് കിരീടം സ്വന്തമാക്കിയെന്നതു മാത്രമാണ് ആരാധകർക്ക് ആശ്വസിക്കാനുള്ളത്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ പിക്വക്ക് പരിക്ക് പറ്റി പുറത്തു പോയത് ബാഴ്‌സലോണക്ക് കനത്ത തിരിച്ചടിയാണ്. പരിശോധനകൾക്കു ശേഷമേ എത്ര കാലം താരം പുറത്തിരിക്കുമെന്ന് വ്യക്തമാവുകയുള്ളൂ.

facebooktwitterreddit