Football in Malayalam

"പണമില്ലാത്തതിനാൽ മെസിയെ ഒഴിവാക്കിയവർ 55 മില്യണിന്റെ ട്രാൻസ്‌ഫർ നടത്തിയതെങ്ങനെ?"- ബാഴ്‌സലോണ നേതൃത്വത്തോട് കൂമാൻ

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/GettyImages
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിടാനുണ്ടായ സാഹചര്യത്തെപ്പറ്റി ക്ലബ് നേതൃത്വത്തോട് ചോദ്യങ്ങളുമായി മുൻ പരിശീലകൻ റൊണാൾഡ്‌ കൂമാൻ. സാമ്പത്തിക പ്രതിസന്ധി കാരണം മെസിയെ ഒഴിവാക്കിയവർക്ക് എങ്ങിനെയാണ് അതിനു ശേഷം 55 മില്യൺ യൂറോയുടെ ട്രാൻസ്‌ഫർ നടത്താൻ കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം മുണ്ടോ ഡീപോർട്ടീവോയോട് സംസാരിക്കുമ്പോൾ കൂമാൻ ചോദിച്ചു.

ലാ ലിഗ ഏർപ്പെടുത്തിയ വേതനവ്യവസ്ഥകൾ കാരണം ലയണൽ മെസിയുടെ കരാർ പുതുക്കാൻ കഴിയില്ല എന്നതു കൊണ്ടാണ് ലയണൽ മെസി, അന്റോയിൻ ഗ്രീസ്‌മൻ തുടങ്ങി ഏതാനും താരങ്ങളെ ബാഴ്‌സ കഴിഞ്ഞ സമ്മറിൽ ഒഴിവാക്കിയത്. അതിനു ശേഷം കൂമാന്റെ കീഴിൽ ടീം പതറിയതിനെ തുടർന്ന് സാവി പരിശീലകനായി എത്തുകയും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അൻപത്തിയഞ്ചു മില്യൺ നൽകിയ ഫെറൻ ടോറസ് ഉൾപ്പെടെ ഏതാനും താരങ്ങൾ ടീമിലെത്തുകയും ചെയ്‌തിരുന്നു.

"ക്ലബ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടതു പ്രകാരം സാമ്പത്തികപരമായ കാര്യങ്ങൾ കൃത്യമാക്കാൻ ഏതാനും താരങ്ങളെ ഒഴിവാക്കാൻ ഞാൻ അംഗീകാരം നൽകിയിരുന്നു. എന്നാൽ ലയണൽ മെസി പോയി കുറച്ചു കാലം കഴിഞ്ഞപ്പോൾ തന്നെ 55 മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ ഒരു താരത്തെ കൊണ്ട് വരുന്നതും നമ്മൾ കണ്ടു. അതുകൊണ്ടാണ് മറ്റെന്തെങ്കിലും ഇതിലുണ്ടോ എന്ന ആശ്ചര്യം തോന്നിയത്. മെസി എന്തുകൊണ്ടാണ് പോകേണ്ടി വന്നത്?" കൂമാൻ ചോദിക്കുന്നു.

നിരവധി താരങ്ങൾക്ക് പരിക്കു പറ്റിയതു കൊണ്ടാണ് തന്റെ കീഴിൽ ടീം മോശം പ്രകടനത്തിലേക്ക് വീണതെന്നും കൂമാൻ പറഞ്ഞു. "ഞാൻ പരിക്കു പറ്റിയ ഒരുപാട് താരങ്ങളെ വെച്ചാണ് മുന്നോട്ടു പോയിരുന്നത്. ഇപ്പോൾ പെഡ്രി ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചു വന്നിരിക്കുന്നു, ഒസ്മാനെ ഡെംബലെയുണ്ട്. എല്ലാം പഴയതു പോലെയാകുന്നത് നിങ്ങൾക്ക് കാണാൻ കഴിയും."

"ക്ലബിന്റെ ഇപ്പോഴത്തെ അവസ്ഥയിലും അവർ മെച്ചപ്പെട്ടു വരുന്നതിലും എനിക്ക് വളരെ സന്തോഷമുണ്ട്, കളിക്കാരുടെ കാര്യത്തിലും അങ്ങിനെ തന്നെ. ഫ്രാങ്കീ ഡി ജോംഗ് ഓൾഡ് ഫാഷൻഡ് ഫുട്ബോളിലേക്ക് മടങ്ങി വന്നത് വളരെ മികച്ച കാര്യമാണ്. വളരെയധികം നിലവാരമുള്ള താരമാണവൻ." കൂമാൻ പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit