Football in Malayalam

മെസിക്ക് പിഎസ്‌ജി വമ്പൻ ഓഫർ നൽകുമെന്ന് വാർത്തകൾ തന്നെ അലട്ടുന്നില്ലെന്ന് റൊണാൾഡ്‌ കൂമാൻ

Gokul Manthara
FC Barcelona v Getafe - La Liga Santander
FC Barcelona v Getafe - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ഈ സീസൺ അവസാനത്തോടെ ബാഴ്സലോണയുമായി കരാർ അവസാനിക്കാനിരിക്കുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പന്മാരായ പി എസ് ജി രംഗത്തുണ്ടെന്ന റിപ്പോർട്ടുകൾ ഇപ്പോൾ കൂടുതൽ ശക്തമായിട്ടുണ്ട്. 3 വർഷ കരാറിൽ മെസിയെ ടീമിലെത്തിക്കാനാണ് പി എസ് ജിയുടെ പദ്ധതികളെന്നും ബാഴ്സലോണക്ക് താങ്ങാനാവുന്നതിലും വലിയ കരാറുമായി അവർ മെസിയെ സമീപിക്കാനൊരുങ്ങുകയാണെന്നുമാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്.

ഗ്രനഡക്കെതിരായ ലാലീഗ മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മെസിയെ സ്വന്തമാക്കാൻ പി എസ് ജി നീക്കങ്ങൾ നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യം ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാന് നേരിടേണ്ടി വന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരിയാണോയെന്ന് അറിയില്ലെന്നും, അത് തന്നെ അലട്ടുന്നില്ലെന്നും പറഞ്ഞ കൂമാൻ, മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

"മെസി ഞങ്ങൾക്കൊപ്പം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം തന്റെ കരിയർ ഇവിടെ അവസാനിപ്പിക്കണമെന്നാണ് എന്റെ പക്ഷം. കാരണം അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ ഇവിടെയാണ് ചിലവഴിച്ചത്. എന്നാൽ ആത്യന്തികമായി അദ്ദേഹമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. നിലവിൽ ഇക്കാര്യങ്ങൾ (മെസിക്കായി പി എസ് ജി രംഗത്തുണ്ടെന്ന വാർത്തകൾ) എന്നെ തെല്ലും വിഷമിപ്പിക്കുന്നില്ല. നാളെ വിജയിക്കുന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്," കൂമാൻ വ്യക്തമാക്കി.

അതേ സമയം 667 ഗോളുകളോടെ ബാഴ്സലോണയുടെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരനാണ് മെസി. ഏറ്റവും അവസാനം‌ 2017ൽ കറ്റാലൻ ക്ലബ്ബുമായി കരാർ പുതുക്കിയ മെസിയുടെ നാല് വർഷ കരാർ ഈ വർഷം ജൂൺ 30 ന് അവസാനിക്കാനിരിക്കുകയാണ്. പ്രായം മുപ്പത്തിമൂന്ന് പിന്നിട്ടെങ്കിലും ഇപ്പോളും മികച്ച ഫോമിലാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. 2020-21 സീസണിൽ ഇതു വരെ കളിച്ച 42 മത്സരങ്ങളിൽ ‌33 ഗോളുകൾ സ്കോർ ചെയ്ത അദ്ദേഹം 14 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്. 25 ഗോളുകളോടെ ഇത്തവണത്തെ ലാലീഗയിലും‌ ടോപ്പ് സ്കോററാണ് മെസി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit