വലൻസിയക്കെതിരെ ബാഴ്സലോണക്ക് അനുകൂലമായി വിധിച്ച പെനാൽറ്റി ശരിയായ തീരുമാനമായിരുന്നെന്ന് റൊണാൾഡ് കൂമാൻ

വലൻസിയക്കെതിരെ 3-1ന്റെ വിജയം ബാഴ്സലോണ കരസ്ഥമാക്കിയ മത്സരത്തിൽ കാറ്റലൻ ക്ലബിന് പെനാൽറ്റി വിധിച്ച റഫറിയുടെ തീരുമാനം ശരിയായിരുന്നെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ.
അഞ്ചാം മിനുറ്റിൽ വലൻസിയക്ക് വേണ്ടി ജോസെ ഗയയും, 13ആം മിനുറ്റിൽ ബാഴ്സലോണക്ക് വേണ്ടി അൻസു ഫാറ്റിയും ഗോൾ നേടിയതിന് ശേഷം സ്കോർനില 1-1ൽ നിൽക്കുമ്പോഴാണ് കാറ്റലൻ ക്ലബിന് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുന്നത്. ഫാറ്റിയെ വലൻസിയ ബോക്സിനുള്ളിൽ ഗയ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. ബാഴ്സക്ക് വേണ്ടി പെനാൽറ്റി എടുത്ത മെംഫിസ് ഡീപേ അത് വലയിലെത്തിക്കുകയും ചെയ്തു.
മത്സരശേഷം ഇതിനെ കുറിച്ച് സംസാരിക്കവെ അത് ഒരു പെനാൽറ്റി തന്നെയാണെന്നാണ് ബാഴ്സലോണ പരിശീലകൻ കൂമാൻ അഭിപ്രായപ്പെട്ടത്. "ഞാൻ അത് (പെനാൽറ്റിക്കിടയായ സംഭവം) മത്സരശേഷമാണ് കണ്ടത്. നിങ്ങൾക്ക് സംശയങ്ങളുണ്ടാവാം, പക്ഷെ റഫറി (വിസിൽ) ഊതി, വിഎആർ അതിൽ ഇടപെടുകയും ചെയ്തില്ല, അതിനാൽ, അത് ഒരു പെനാൽറ്റി തന്നെയാണ്," കൂമാൻ പറഞ്ഞു.
അതേ സമയം, ഫാറ്റിക്കും, ഡീപേക്കും പുറമെ ഫിലിപ്പെ കുട്ടീന്യോയും ബാഴ്സലോണക്ക് വേണ്ടി മത്സരത്തിൽ ഗോൾ നേടി. വിജയത്തോടെ 8 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുകൾ കരസ്ഥമാക്കിയ ബാഴ്സ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണിപ്പോൾ.