FC Barcelona News

ബാഴ്‌സലോണ പരിശീലക സ്ഥാനത്ത് തുടരും, ആത്മവിശ്വാസത്തോടെ റൊണാൾഡ്‌ കൂമാൻ

Sreejith N
Athletic Club v FC Barcelona - Copa del Rey Final
Athletic Club v FC Barcelona - Copa del Rey Final / Fran Santiago/Getty Images
facebooktwitterreddit

അടുത്ത സീസണിലും ബാഴ്‌സലോണ പരിശീലക സ്ഥാനത്ത് തുടരാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെ റൊണാൾഡ്‌ കൂമാൻ. ഒട്ടനവധി പ്രതിസന്ധികൾക്കിടയിൽ ബാഴ്‌സലോണ ടീമിന്റെ ചുമതല ഏറ്റെടുത്ത് ഈ സീസണിൽ ഒരു കിരീടം സമ്മാനിക്കുകയും രണ്ടാമത്തെ കിരീടത്തിനുള്ള സാധ്യതകൾ സജീവമായി നിലനിർത്തുകയും ചെയ്യുന്നുണ്ടെങ്കിലും പരിശീലകനായി അടുത്ത സീസണിൽ കൂമാൻ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങളുയരുന്നുണ്ട്.

2020 സമ്മറിലാണ് സെറ്റിയനെ പുറത്താക്കിയ ഒഴിവിലേക്ക് കൂമാൻ ബാഴ്‌സലോണ പരിശീലകനായി എത്തുന്നത്. അതിനു ശേഷം ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് കാറ്റാലൻ ടീം കടന്നു പോയത്. മെസി ബാഴ്‌സലോണ വിടണമെന്ന തീരുമാനം അറിയിച്ചതിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി ബാർട്ടമോവിനു പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വരികയും പകരം ലപോർട്ട പ്രസിഡന്റായി എത്തുകയും ചെയ്‌തു.

സീസണിന്റെ തുടക്കത്തിൽ മോശം ഫോമിലായിരുന്ന ബാഴ്‌സലോണ ഇപ്പോൾ മികച്ച പ്രകടനം നടത്തി കോപ്പ ഡെൽ റേ സ്വന്തമാക്കുകയും ലാ ലീഗ കിരീടത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് കൂമാൻ ടീമിൽ തുടരുമെന്ന വിശ്വാസം പ്രകടിപ്പിച്ചത്. ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡച്ച് പരിശീലകൻ.

"ആദ്യ ദിവസം മുതൽ തന്നെ ബാഴ്‌സലോണ പ്രസിഡന്റ് എന്നിൽ വിശ്വാസം പ്രകടിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്‌തിരുന്നു. മറിച്ചു സംഭവിക്കുന്നതു വരെ ഞാൻ ഇത് തന്നെ പറയും. തത്വത്തിൽ ഞാൻ തന്നെ ബാഴ്‌സലോണ പരിശീലകനായി അടുത്ത സീസണിലും തുടരുമെന്നാണ് കരുതുന്നത്. എന്റെ കരാറിലും ഒരു വര്ഷം ബാക്കിയുണ്ട്. അതല്ല സംഭവിക്കുന്നതെങ്കിൽ ഞാൻ ഇതേക്കുറിച്ചു കൂടുതൽ സംസാരിക്കാം." കൂമാൻ വ്യക്തമാക്കി.

ലാ ലിഗയിൽ ഇനി ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടിയാൽ കിരീടം സ്വന്തമാക്കാൻ കഴിയുന്ന ബാഴ്‌സലോണ അതിലെ ഏറ്റവും കടുപ്പമേറിയ മത്സരത്തിനാണ് തയ്യാറെടുക്കുന്നത്. ലീഗിലെ ഏഴാം സ്ഥാനക്കാരായ വിയ്യാറയലിനെ അവരുടെ മൈതാനത്ത് ഇന്നു തോൽപ്പിക്കാൻ കഴിഞ്ഞാൽ ഒരു മത്സരം കൂടുതൽ കളിച്ച റയലുമായി പോയിന്റ് നിലയിൽ ഒന്നാമതെത്താൻ ടീമിന് കഴിയും. ഇന്ത്യൻ സമയം രാത്രി 7.45നാണു മത്സരം.

facebooktwitterreddit