കാര്യങ്ങൾ ശരിയാകാൻ അല്പം കൂടി സമയം ആവശ്യമാണെന്ന് കൂമാൻ,പിന്നാലെ ചോദ്യങ്ങൾ നേരിടാതെ പത്രസമ്മേളനം മതിയാക്കി മടക്കവും

നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കുന്നതിനും, ശക്തമായ ഒരു ടീമിനെ കെട്ടിപ്പടുക്കി വീണ്ടും യൂറോപ്പിലെ പ്രധാന ശക്തിയായി മാറുകയും ചെയ്യുന്നതിന് ബാഴ്സലോണക്ക് അല്പം കൂടി സമയം ആവശ്യമാണെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വലിയ പണം മുടക്കാതെ തങ്ങൾക്ക് ടീമിനെ പുനർനിർമ്മിക്കേണ്ടതുണ്ടെന്ന് പറയുന്ന ബാഴ്സലോണ ബോസ് എന്നാൽ ഇതിന് ക്ഷമയോടെ കാത്തിരിക്കണമെന്നും ചൂണ്ടിക്കാട്ടി. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വായിച്ച പ്രസ്താവനയിലായിരുന്നു കൂമാൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇന്ന് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്ത കൂമാൻ ഒരു ഹ്രസ്വ പ്രസ്താവന വായിച്ചതിന് ശേഷം പത്രസമ്മേളനം മതിയാക്കി മടങ്ങി എന്നതാണ് ശ്രദ്ധേയം. മാധ്യമങ്ങളുടെ ചോദ്യങ്ങൾ നേരിടാൻ തയ്യാറാകാതെയുള്ള അദ്ദേഹത്തിന്റെ മടക്കം എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
"പുനർനിർമ്മാണത്തിന്റെ സാഹചര്യത്തിൽ ക്ലബ്ബ് പരിശീലകനെന്ന നിലയിൽ എനിക്കൊപ്പം നിൽക്കുന്നു. ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി കായിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം തിരിച്ചും. ഇതിനർത്ഥം ഒരു ടീമെന്ന നിലയിൽ വലിയ സാമ്പത്തിക നിക്ഷേപങ്ങളൊന്നും നടത്താതെ ഞങ്ങൾ ടീമിനെ പുനർനിർമ്മിക്കേണ്ടതുണ്ട്. ഇതിന് സമയം ആവശ്യമാണ്."
Ronald Koeman left the Barcelona press conference after reading out a statement and refusing to take questions.
— Goal (@goal) September 22, 2021
According to reports, the club didn’t know that was what he planned to do ?pic.twitter.com/7CZ3I79NdJ
"ഇന്നത്തെ യുവ പ്രതിഭകൾ ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ അടുത്ത വലിയ താരങ്ങളായി മാറിയേക്കാം. ഈ ടീമിന്റെ പുനർ നിർമ്മാണത്തിന് യുവ കളികാർക്ക് അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്, സാവി, ഇനിയേസ്റ്റ എന്നിവർക്ക് അവരുടെ സമയത്ത് ലഭിച്ചത് പോലെ."
"നമ്മൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രക്രിയക്ക് ജീവനക്കാരും, ടീമും വാക്കിലും പ്രവർത്തിയിലും നിരുപാധികമായ പിന്തുണ അർഹിക്കുന്നു. മാധ്യമങ്ങൾ ഈ പ്രക്രിയ തിരിച്ചറിയുന്നുണ്ടെന്ന് എനിക്കറിയാം. ബാഴ്സലോണയുടെ ചരിത്രത്തിൽ ആദ്യമായല്ല ഇത് സംഭവിക്കുന്നത്"
"പ്രയാസകരമായ ഈ സമയത്ത് നിങ്ങളുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗ്രനഡക്കെതിരായ മത്സരത്തിൽ ആരാധകരിൽ നിന്ന് ലഭിച്ചത് പോലുള്ള മികച്ച പിന്തുണയിൽ സ്റ്റാഫും, കളികാരും വളരെയധികം സന്തുഷ്ടരാണ്." കൂമാൻ പറഞ്ഞു.
അതേ സമയം ബാഴ്സലോണ റൊണാൾഡ് കൂമാനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാൻ തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെയാണ് ഇപ്പോൾ ഇത്തരത്തിലൊരു പ്രസ്താവന പത്രസമ്മേളനത്തിൽ കൂമാൻ വായിച്ചിരിക്കുന്നത്. കൂമാൻ ഇത്തരത്തിലൊരു പ്രസ്താവന വായിച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്നും മറിച്ച് ക്ലബ്ബ് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നുമാണ് ഗോൾ റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും ഇതുമായി ബന്ധപ്പെട്ട് ഇനി സംഭവിക്കാൻ പോകുന്ന വിവാദങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.