Football in Malayalam

അർഹിച്ച പെനാൽറ്റി ബാഴ്‌സക്ക് ലഭിച്ചില്ല, രണ്ടാം പാദത്തിൽ തിരിച്ചു വരാൻ വളരെയധികം മുന്നോട്ടു പോകണമെന്ന് കൂമാൻ

Sreejith N
Sevilla v FC Barcelona: Copa del Rey Semi Final First Leg
Sevilla v FC Barcelona: Copa del Rey Semi Final First Leg / Fran Santiago/Getty Images
facebooktwitterreddit

സെവിയ്യക്കെതിരായ കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ തിരിച്ചു വരാൻ ബാഴ്‌സലോണ വളരെയധികം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാണ്. സെവിയ്യയുടെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട ബാഴ്‌സലോണക്ക് അടുത്ത മത്സരം കടുപ്പമാകുമെങ്കിലും സ്വന്തം മൈതാനത്ത് തിരിച്ചു വരാനുള്ള കരുത്ത് ടീമിനുണ്ടെന്നാണ് കൂമാൻ പറയുന്നത്.

"ഞങ്ങൾക്ക് മത്സരത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. അടുത്ത മത്സരത്തിന് മുൻപ് നിരവധി കളികൾ ബാക്കിയുണ്ട്. ടീം വളരെയധികം തളർന്നിട്ടുണ്ട്, അടുത്ത മത്സരത്തിൽ മികവ് കാണിച്ച് തിരിച്ചു വരാനാണ് ശ്രമിക്കേണ്ടത്. മത്സരം വളരെ ബുദ്ധിമുട്ടേറിയതാണെങ്കിലും പ്രതീക്ഷയുണ്ട്. സ്വന്തം മൈതാനത്ത് എന്ത് ചെയ്യാനും ഈ ടീമിനു കഴിയും," കൂമാൻ പറഞ്ഞു.

മത്സരത്തിൻറെ എഴുപതാം മിനുട്ടിൽ ആൽബയെ ഫൗൾ ചെയ്‌തതിനു പെനാൽറ്റി ലഭിക്കാതിരുന്നതിൽ ഡച്ച് പരിശീലകൻ അതൃപ്തി പ്രകടിപ്പിച്ചു. മത്സരം നിയന്ത്രിച്ച റഫറിയായ മാത്യു ലാഹോസ്‌ ഫൗൾ പെനാൽറ്റി ബോക്‌സിന് പുറത്തു നിന്നായിരുന്നു എന്നു പറഞ്ഞാണ് തിരിച്ചു വരാൻ ബാഴ്‌സക്കുണ്ടായിരുന്ന അവസരം നിഷേധിച്ചത്.

"പെനാൽറ്റിയുടെ കാര്യത്തിൽ എപ്പോഴും സംശയമുണ്ട്. എല്ലാവരും എന്നോട് പറഞ്ഞു അത് പെനാൽറ്റി തന്നെയാണെന്ന്. അവർ ഫൗളുകൾ നടത്തിയിരുന്നു, ബുദ്ധിപരമായ ഫൗളുകൾ. വളരെ മികച്ച പ്രതിരോധമാണ് അവർ കാഴ്‌ച വെച്ചത്. മികച്ച സ്ക്വാഡുള്ള വളരെ മികച്ച ടീമാണവർ. ഞങ്ങൾക്കും അവസരങ്ങളുണ്ടായിരുന്നു, വിഎആറും ഉണ്ട്. അതൊരു പെനാൽറ്റിയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്," കൂമാൻ വ്യക്തമാക്കി.

മത്സരത്തിൽ ജൂൾസ് കൂണ്ടെ, മുൻ ബാഴ്‌സലോണ താരം ഇവാൻ റാകിറ്റിച്ച് എന്നിവരാണ് സെവിയ്യയുടെ ഗോളുകൾ നേടിയത്. ഫെബ്രുവരി 27നു നടക്കുന്ന രണ്ടാം പാദത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ സീസണിൽ ഒരു കിരീടം നേടാനുള്ള ബാഴ്‌സയുടെ സാധ്യതകളെ അത് വളരെയധികം ബാധിക്കും.

facebooktwitterreddit