സ്റ്റീവൻ ജെറാർഡിന് പകരക്കാരനായി റേഞ്ചേഴ്സ് പരിഗണിക്കുന്ന പരിശീലകരിൽ മുൻ ബാഴ്സലോണ ബോസ് റൊണാൾഡ് കൂമാനും

കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് ഇതിഹാസവും, സ്കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്സിന്റെ പരിശീലകനുമായിരുന്ന സ്റ്റീവൻ ജെറാർഡ് ക്ലബ്ബ് വിട്ടത്. പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺവില്ലയുടെ പരിശീലക ചുമതലയേറ്റെടുക്കുന്നതിനായിട്ടായിരുന്നു ഇത്. 2021-22 സീസണിലെ മോശം പ്രകടനങ്ങളെത്തുടർന്ന് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഡീൻ സ്മിത്തിന് പകരക്കാരനായാണ് ജെറാർഡ്, വില്ലയുടെ പരിശീലകനായി ചുമതലയേറ്റിരിക്കുന്നത്.
2018 ൽ റേഞ്ചേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റ ജെറാർഡ്, ക്ലബ്ബ് നേതൃത്വത്തിനും ആരാധകർക്കും ഏറെ പ്രിയപ്പെട്ട പരിശീലകനായിരുന്നു. 2021-22 സീസണിലെ സ്കോട്ടിഷ് പ്രീമിയർഷിപ്പിൽ ക്ലബ്ബ് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോളാണ് അദ്ദേഹം ഇപ്പോൾ ക്ലബ്ബ് വിട്ടിരിക്കുന്നത്. ജെറാർഡിന് പകരക്കാരനായി ഒരു സ്റ്റാർ പരിശീലകനെ കൊണ്ടു വരാൻ റേഞ്ചേഴ്സിന്റെ ഫുട്ബോൾ ഡയറക്ടറായ റോസ് വിൽസൺ ആഗ്രഹിക്കുന്നതായും, മുൻ എഫ് സി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ പരിശീലക സ്ഥാനത്തേക്ക് അവർ പരിഗണിക്കുന്നവരിൽ പ്രധാനിയാണെന്നും ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Ronald Koeman emerges as a target for Rangers: https://t.co/zaNdsqfobP pic.twitter.com/P6Y57JLnpX
— AS English (@English_AS) November 11, 2021
2021-22 സീസണിലെ മോശം പ്രകടനങ്ങളെത്തുടർന്ന് കഴിഞ്ഞ മാസമായിരുന്നു റൊണാൾഡ് കൂമാനെ തങ്ങളുടെ പരിശീലക സ്ഥാനത്ത് നിന്ന് ബാഴ്സലോണ പുറത്താക്കിയത്. ഇതിന് ശേഷം പുതിയ ക്ലബ്ബുകളുമായി കരാറുകളിലൊന്നും ഏർപ്പെട്ടിട്ടില്ലാത്ത അദ്ദേഹത്തെ റേഞ്ചേഴ്സ്, തങ്ങളുടെ പരിശീലക സ്ഥാനത്തേക്ക് ഗൗരവകരമായി പരിഗണിക്കുണ്ടെന്നാണ് സൂചനകൾ. ബാഴ്സലോണക്ക് പുറമേ അയാക്സ്, ബെൻഫിക്ക, വലൻസിയ, സതാംപ്ടൺ, എവർട്ടൺ എന്നീ സൂപ്പർ ക്ലബ്ബുകളേയും, നെതർലൻഡ്സ് ദേശീയ ടീമിനേയും പരിശീലിപ്പിച്ച പരിചയസമ്പത്ത് കൂമാനുണ്ട്.
അതേ സമയം കൂമാന് പുറമേ മുൻ ചെൽസി താരവും, ആസ്റ്റൺ വില്ലയിൽ ഡീൻ സ്മിത്തിന്റെ സഹപരിശീലകനുമായിരുന്ന ജോൺ ടെറിയും, റേഞ്ചേഴ്സ് തങ്ങളുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിലുണ്ടെന്നാണ് ഫുട്ബോൾ ഇൻസൈഡർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മുൻ ഫെയ്നൂർഡ് പരിശീലകനും, റേഞ്ചേഴ്സിന്റെ താരവുമായിരുന്ന ജിയോവാനി വാൻ ബ്രോങ്കോസ്റ്റ് റേഞ്ചേഴ്സിന്റെ പുതിയ പരിശീലകനായെത്താനാണ് കൂടുതൽ സാധ്യതയെന്നാണ് പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും ഉടൻ തന്നെ ജെറാർഡിന് പകരക്കാരനെ സ്കോട്ടിഷ് ക്ലബ്ബ് തീരുമാനിക്കുമെന്നാണ് കരുതപ്പെടുന്നത്.