ട്രിൻകാവോ ബാഴ്സലോണയിലെത്തിയത് തെറ്റായ സമയത്ത്, കൂമാന് യുവ പ്രതിഭകളെ വളർത്തിയെടുക്കാൻ അറിയില്ലെന്നും ഹൊസെ അരൗജോ

കഴിഞ്ഞ വർഷം ജനുവരിയിൽ പോർച്ചുഗീസ് ക്ലബ്ബായ ബ്രാഗയിൽ നിന്നായിരുന്നു യുവ വിംഗറായ ഫ്രാൻസിസ്കോ ട്രിൻകാവോയെ എഫ് സി ബാഴ്സലോണ ടീമിലെത്തിച്ചത്. എന്നാൽ ക്ലബ്ബിൽ വെറും ഒന്നര സീസൺ മാത്രം കളിച്ച ട്രിൻകാവോയെ ഈ സീസണിൽ ലോണടിസ്ഥാനത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിലേക്ക് അയക്കാൻ ബാഴ്സ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ ഇപ്പോളിതാ ട്രിൻകാവോ ബാഴ്സലോണയിലെത്തിയതിനെക്കുറിച്ചും, ഇപ്പോൾ വോൾവ്സിലേക്ക് പോകുന്നതിനെക്കുറിച്ചും മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ബ്രാഗ ടീമിൽ അദ്ദേഹത്തിന്റെ പരിശീലകനായിരുന്ന ഹൊസെ കാർവാലോ അരൗജോ.
സ്പെയിനിലേക്കുള്ള നീക്കം തന്റെ കംഫർട്ട് സോണിന് പുറത്ത് ട്രിൻകാവോ നേരിട്ട ആദ്യ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടുന്ന അരൗജോ, ബാഴ്സലോണയിൽ ഒരു യുവ താരത്തിന് ചേരാൻ ഒട്ടും ഉചിതമായ സമയത്തല്ല അദ്ദേഹം അവിടെയെത്തിയതെന്നും അഭിപ്രായപ്പെട്ടു.
Trincao told Barcelona & Koeman were wrong for him as winger prepares to open Wolves loan https://t.co/BP5cWqFdzC pic.twitter.com/ld7IYhfijX
— Goal South Africa (@GoalcomSA) July 20, 2021
ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ലയണൽ മെസിയും, ബാഴ്സലോണ ബോർഡും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്ന സമയത്താണ് ട്രിൻകാവോ ബാഴ്സലോണയിലെത്തിയതെന്ന് ഓർമ്മിപ്പിക്കുന്ന അരൗജോ, ക്ലബ്ബിനെ സംഭവിച്ചിടത്തോളം ഒരു പരിവർത്തന ഘട്ടമായിരുന്നു അതെന്നും പറയുന്നു.
ബാഴ്സലോണയിൽ ട്രിൻകാവോയെ പരിശീലിപ്പിച്ച റൊണാൾഡ് കൂമാനെക്കുറിച്ചും, വരും സീസണിൽ വോൾവ്സിൽ അദ്ദേഹത്തെ പരിശീലിപ്പിക്കാൻ പോകുന്ന ബ്രൂണോ ലാജിനെക്കുറിച്ചും സ്കൈ സ്പോർട്സിനോട് സംസാരിക്കവെ അരൗജോ മനസ് തുറന്നു.
"എനിക്ക് റൊണാൾഡ് കൂമാനെ അറിയില്ല, എന്നാൽ യുവ പ്രതിഭകളെ വളർത്തിയെടുക്കുന്ന ഒരാളെപ്പോലെയല്ല അദ്ദേഹം കാണപ്പെടുന്നത്. ബ്രൂണോ ലാജ് (വോൾവ്സ് പരിശീലകൻ) ബെൻഫിക്കയിൽ അത് ചെയ്തിരുന്നു (യുവ പ്രതിഭകളെ വളർത്തുന്നത്). അദ്ദേഹം യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നയാളാണ്. ഇത് ട്രിൻകാവോയെ വളരെയധികം സഹായിക്കുമെന്ന് ഞാൻ കരുതുന്നു. യുവ താരങ്ങളെ എങ്ങനെ പ്രചോദിപ്പിക്കണമെന്നും കളിയിൽ പുരോഗതി കൈവരിക്കാൻ എന്തൊക്കെ കാര്യങ്ങൾ പകർന്നു നൽകണമെന്നും അദ്ദേഹത്തിനറിയാം." അരൗജോ പറഞ്ഞു നിർത്തി.