Football in Malayalam

ബാഴ്‌സലോണക്കു വേണ്ടി മെംഫിസിനു മറ്റു പലതും നൽകാൻ കഴിയുമെന്ന് കൂമാൻ, ടീമിന്റെ പ്രകടനത്തിനും പ്രശംസ

Sreejith N
VfB Stuttgart v FC Barcelona - Pre-Season Friendly
VfB Stuttgart v FC Barcelona - Pre-Season Friendly / Quality Sport Images/Getty Images
facebooktwitterreddit

സ്റ്റുട്ട്ഗർട്ടിനെതിരായ പ്രീ സീസൺ മത്സരത്തിൽ ബാഴ്‌സയുടെ പ്രകടനത്തിൽ സംതൃപ്‌തി പ്രകടിപ്പിച്ച് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. ഇന്നലെ നടന്ന മത്സരത്തിൽ ജർമൻ ക്ലബിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്‌സ വിജയം നേടിയത്. ബാഴ്‌സയുടെ ആദ്യഗോൾ നേടിയ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ മെംഫിസ് ഡീപേയുടെ പ്രകടനത്തെ കൂമാൻ പ്രത്യേകം പരാമർശിച്ചു.

ജിറോണക്കെതിരായ പ്രീ സീസൺ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് ആദ്യഗോൾ പെനാൽറ്റിയിലൂടെ നേടിയ മെംഫിസ് സ്റ്റുട്ട്ഗർട്ടിനെതിരെയും അതാവർത്തിക്കുകയായിരുന്നു. ഇതിനു പുറമെ രണ്ടാമത്തെ ഗോളിലും താരത്തിന്റെ നിർണായക സാന്നിധ്യം ഉണ്ടായിരുന്നു. സമ്മറിൽ ടീമിലെത്തിയ താരം സീസണിൽ ബാഴ്‌സലോണക്ക് കൂടുതൽ കരുത്തു നൽകുമെന്നാണ് മത്സരശേഷമുള്ള കൂമാന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

"മാഞ്ചസ്റ്റർ യുണൈറ്റഡിലും ലിയോണിലുമുണ്ടായിരുന്നതു കൊണ്ട് ആളുകൾക്ക് മെംഫിസിനെ അറിയാം. ഇന്നത്തെ മത്സരത്തിലെ ആദ്യഗോൾ പോലെ വ്യക്തിപരമായ മികവു കൊണ്ട് ഗോൾ നേടാൻ കഴിയുമെന്ന് താരം തെളിയിച്ചു. മെംഫിസിന്റെ കളിയും വേഗതയും കരുത്തും മറ്റു പലതും ടീമിനു നൽകും."

"അന്റോയിൻ ഗ്രീസ്‌മനുമായുള്ള താരത്തിന്റെ ഒത്തിണക്കവും വളരെ മികച്ചതാണ്. ആക്രമണനിരയിൽ വ്യത്യസ്‌തമായ പൊസിഷനിൽ കളിക്കാൻ കഴിയുന്ന താരങ്ങൾ ഞങ്ങൾക്കുണ്ട്. സെർജിയോ അഗ്യൂറോ ടീമിലുണ്ട്, മെസി തിരിച്ചു വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവാരമുള്ള മുന്നേറ്റനിര തന്നെയാണ് ടീമിനുള്ളത്." മത്സരത്തിനു ശേഷം കൂമാൻ പറഞ്ഞു.

നേരത്തെ പ്രീ സീസൺ ആരംഭിച്ച് കൂടുതൽ മത്സരങ്ങൾ കളിച്ച് തയ്യാറെടുത്തു വന്ന ഒരു ടീമിനെതിരെ ബാഴ്‌സ നടത്തിയ പ്രകടനം ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പന്തടക്കത്തോട് കൂടി കളിച്ച ടീമിന് ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടാനും രണ്ടാം പകുതിയിൽ കളി നിയന്ത്രിക്കാനും കഴിഞ്ഞുവെന്ന് കൂമാൻ വ്യക്തമാക്കി.

facebooktwitterreddit