Football in Malayalam

തങ്ങളുടെ വീട്ടിലാണ് മത്സരമെന്നും അതിനാൽ എൽ ക്ലാസിക്കോയെക്കുറിച്ചോർത്ത് ഭയപ്പെടുന്നില്ലെന്നും ബാഴ്സ പരിശീലകൻ കൂമാൻ

By Gokul Manthara
FC Barcelona v Valencia CF - La Liga Santander
FC Barcelona v Valencia CF - La Liga Santander / David Ramos/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോ പോരാട്ടത്തിനായി തങ്ങൾ ആവേശ ഭരിതരായി കാത്തിരിക്കുകയാണെ‌ന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ‌. മത്സരം ഏറെക്കുറെ നിറഞ്ഞ സ്റ്റേഡിയത്തിലാകും നടക്കുകയെന്ന് താൻ കരുതുന്നതായി ഇതിനൊപ്പം ചൂണ്ടിക്കാട്ടിയ ബാഴ്സലോണ ബോസ്, കറ്റാലൻ ക്ലബ്ബിന്റെ സ്വന്തം തട്ടകത്തിലാണ് മത്സരമെന്നും അതിനാൽ തനിക്ക് യാതൊരു ഭയവും മത്സരത്തെക്കുറിച്ചില്ലെന്നും കൂട്ടിച്ചേർത്തു. നാളെ നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൂമാൻ.

"അവസാന രണ്ട് മത്സരങ്ങളിലും വിജയിച്ച ഞങ്ങൾ (ബാഴ്സലോണ) ഈ വലിയ മത്സരത്തിന് മുന്നോടിയായി മികച്ച രീതിയിലാണുള്ളത്. ഈ മത്സരം കളിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. സ്റ്റേഡിയം നിറയുകയോ, ഏറെക്കുറെ നിറയുകയോ ചെയ്യുമെന്നും അവിടെ മികച്ച അന്തരീക്ഷമുണ്ടാവുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ഞങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുകയെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ വീട്ടിലാണ് കളിക്കുന്നത്. അതിനാൽ എനിക്ക് പേടിയില്ല," കൂമാൻ പറഞ്ഞു.

ഇപ്പോളത്തെ ബാഴ്സലോണ, റയൽ ടീമുകളിൽ ആർക്കൊപ്പമാണ് മികച്ച സ്ക്വാഡുള്ളത് എന്ന ചോദ്യവും പത്രസമ്മേളനത്തിൽ കൂമാന് നേരിടേണ്ടി വന്നു. ഇരു ടീമുകളും ഏറെക്കുറെ സമാനരാണെന്നായിരുന്നു ഇതിന് കൂമാന്റെ മറുപടി. ഒപ്പം അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു, "അവർ (റയൽ മാഡ്രിഡ്) മെച്ചപ്പെടേണ്ട ചില മേഖലകളുണ്ട്, ചില‌ മേഖലകളിൽ ഞങ്ങളും മെച്ചപ്പെടേണ്ടതുണ്ട്. ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ ശ്രമിക്കും‌''.

''ഈ മത്സരത്തിന് വ്യക്തമായ ഫേവറിറ്റുകളില്ല. പൊസഷൻ ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. അതേ സമയം അവർ കൗണ്ടർ അറ്റാക്കുകളിൽ നന്നായി കളിക്കുന്നു. പന്ത് കൈവശമുള്ളപ്പോളും, അത് നഷ്ടപ്പെടുമ്പോളും അവരുടെ പ്രത്യാക്രമണങ്ങൾ നിയന്ത്രിക്കാൻ ഞങ്ങൾ നന്നായി സംഘടിച്ചിരിക്കേണ്ടതുണ്ട്," കൂമാൻ പറഞ്ഞു.


facebooktwitterreddit