FC Barcelona News

"ബാഴ്‌സലോണ ആവശ്യപ്പെടുന്ന നിലവാരം ഇപ്പോഴത്തെ സ്‌ക്വാഡിനില്ല"- ടീമിനൊപ്പം തുടർന്ന് അഴിച്ചുപണി നടത്തുമെന്ന് കൂമാൻ

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ലാ ലിഗയിലെ അവസാന മത്സരത്തിൽ ഐബാറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി ലീഗിൽ മൂന്നാം സ്ഥാനത്തെത്തിയ ബാഴ്‌സലോണയിൽ അടുത്ത സീസണു മുന്നോടിയായി ഒരു അഴിച്ചുപണി അത്യാവശ്യമാണെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. നിലവിൽ ടീമിലുള്ള താരങ്ങളെ വെച്ച് ബാഴ്‌സലോണക്ക് മതിയായ നിലവാരത്തിലെത്താൻ കഴിയില്ലെന്നും കഴിവുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണമെന്നും കൂമാൻ ആവശ്യപ്പെട്ടു.

"ഞങ്ങൾ ബാഴ്‌സലോണയിൽ എത്തിയ സമയത്ത് ലഭ്യമായ ആളുകളെയാണ് ഉപയോഗിച്ചത്. അതിൽ തന്നെ സെർജിനോ ഡെസ്റ്റ് അവസാന ദിവസമാണ് വന്നത്. ബാഴ്‌സലോണയുടെ നിലവാരത്തിൽ എത്താൻ കഴിയുന്ന ഒരു ടീമല്ല ഇതെന്നാണ് എന്റെ അഭിപ്രായം. പ്രായമേറിയ താരങ്ങളുണ്ടെന്ന് അവരോടുള്ള ബഹുമാനത്തോടെ തന്നെ പറയുന്നു. കൂടാതെ കൂടുതൽ പരിചയസമ്പത്ത് വേണ്ട യുവതാരങ്ങളുമുണ്ട്. ഈ പ്രൊജക്റ്റ് അവസാനിച്ചിട്ടില്ല, ഒരു സീസൺ കൊണ്ട് എല്ലാം ചെയ്യാൻ കഴിയില്ല." കൂമാൻ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത സീസണിലും ബാഴ്‌സലോണ പരിശീലകനായി താൻ തുടരുമെന്ന വിശ്വാസവും കൂമാൻ പ്രകടിപ്പിച്ചു. "ഇത് അവസാനത്തെ മത്സരമാണെന്നു ഞാൻ കരുതുന്നില്ല. എനിക്കു കരാറുണ്ടെങ്കിലും എന്താണ് ക്ലബ് ചെയ്യുകയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. നിങ്ങൾ ഈ വിഷയം ഒരുപാട് സംസാരിക്കുന്നു. ക്ലബിന് ഒരു മാറ്റം ആവശ്യമാണെങ്കിൽ അവർ എന്നോട് സംസാരിക്കണം." കൂമാൻ വ്യക്തമാക്കി.

ഐബാറിനെതിരെ ലയണൽ മെസിയില്ലാതെ തന്നെ അവസാന മത്സരം വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച കൂമാൻ പ്രൊഫെഷണലിസം ടീമിന് അനിവാര്യമാണെന്ന് വ്യക്തമാക്കി. അത്ലറ്റികോ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തെ അഭിനന്ദിച്ച കൂമാൻ വളരെക്കാലമായി ഒരു പരിശീലകനു കീഴിൽ കെട്ടിപ്പടുത്ത മികച്ച സ്‌ക്വാഡ് ആണ് അവരുടെ നേട്ടങ്ങളുടെ പുറകിലെന്ന അഭിപ്രായവും പ്രകടിപ്പിച്ചു.

facebooktwitterreddit