ബാഴ്സലോണയിൽ ബുസ്ക്വറ്റ്സിന്റെ സാന്നിധ്യമാണ് ഡി ജോങിനെ ബാധിക്കുന്നതെന്ന് മുൻ ഹോളണ്ട് താരം റൊണാൾഡ് ഡി ബോർ


ബാഴ്സലോണയിൽ ബുസ്ക്വറ്റ്സിന്റെ സാന്നിധ്യമാണ് ഫ്രാങ്കീ ഡി ജോങിനെ സ്വാഭാവികമായ പ്രകടനം പുറത്തെടുക്കുന്നതിൽ നിന്നും തടയുന്നതെന്ന് മുൻ ഹോളണ്ട്, ബാഴ്സലോണ താരമായ റൊണാൾഡ് ഡി ബോർ. ഫ്രാങ്കീ ഡി ജോങിന്റെ സ്വാഭാവികമായ പൊസിഷനിൽ ബുസ്ക്വറ്റ്സാണ് കളിക്കുന്നതെന്നും സ്പാനിഷ് താരത്തിന് കളിക്കളത്തിൽ കൂടുതൽ സംരക്ഷണം ആവശ്യമായതിനാൽ ഡി ജോങിന് തന്റെ നൈസർഗികമായ പ്രകടനം നടത്താൻ കഴിയുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
"ബുസ്ക്വറ്റ്സ് അവിശ്വസനീയമായ തലത്തിലുള്ള ഒരു കളിക്കാരൻ തന്നെയാണ്, എന്നാൽ താരത്തിന് ഒരുപാട് സംരക്ഷണം വേണം. കളിക്കളത്തിൽ കൂടുതൽ ഏരിയ കവർ ചെയ്യണമെങ്കിൽ അതു കുഴപ്പം സൃഷ്ടിക്കും. ഇതാണ് ഡി ജോങിനെയും മുഴുവൻ ടീമിനെയുംബാധിക്കുന്നത്." എൽ പൈസിനോട് സംസാരിക്കെ നിലവിൽ അയാക്സ് അക്കാദമി പരിശീലകനായ ഡി ബോർ പറഞ്ഞു.
Really interesting Ron De Boer interview by @diegotorresro - especially on how Frenkie needs Busquets to step aside... https://t.co/DFl5PX6XEl
— Dermot Corrigan (@dermotmcorrigan) January 24, 2022
"ഡി ജോങാണ് ഭാവി, ബുസ്ക്വറ്റ്സിന്റെ കരിയർ അവസാനിച്ചു കൊണ്ടിരിക്കയാണ്. ഞാൻ ബുസ്ക്വറ്റ്സിനെ ഇഷ്ടപ്പെടുന്നു. പക്ഷെ അയാൾക്ക് പ്രായമായി. ചിലപ്പോഴൊക്കെ ക്ലബുകളും പരിശീലകരും മാറി നിൽക്കേണ്ട കളിക്കാരെ വളരെക്കാലം മുറുകെപ്പിടിക്കാറുണ്ട്."
"ഡി ജോങ്, ഗാവി, പെഡ്രി, നിക്കോ ഗോൺസാലസ് എന്നിവരാണ് ബാഴ്സലോണയുടെ ഭാവി. ഈ കളിക്കാർ അണിനിരക്കുമ്പോൾ ബാഴ്സലോണക്ക് അവിശ്വസനീയമായ ഒരു മധ്യനിരയുണ്ട്." ഡി ബോർ വ്യക്തമാക്കി.
അയാക്സിൽ നിന്നും വന്നതിനു ശേഷം ബാഴ്സലോണക്കൊപ്പം തന്റെ പ്രതിഭക്കനുസരിച്ചുള്ള പ്രകടനം നടത്താൻ ഇതു വരെയും ഡി ജോങിനു കഴിഞ്ഞിട്ടില്ലെങ്കിലും താരം ബാഴ്സലോണക്ക് വളരെ പ്രധാനപ്പെട്ട താരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പരിശീലകർ നിരന്തരം മാറുന്നതും ബുസ്ക്വറ്റ്സിന്റെ സാന്നിധ്യവും താരത്തെ ബാധിച്ചുവെങ്കിലും ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവു പുലർത്താൻ താരത്തിനു കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.