Football in Malayalam

റൊമേരോ പ്രതിരോധത്തിൽ തിരിച്ചെത്തിയേക്കുമെങ്കിലും യുറുഗ്വായ്‌ക്കെതിരെ ഇറങ്ങുമ്പോൾ ആശങ്കകൾ അവസാനിക്കാതെ അർജന്റീന

Sreejith N
Colombia v Argentina - FIFA World Cup 2022 Qatar Qualifier
Colombia v Argentina - FIFA World Cup 2022 Qatar Qualifier / Gustavo Pagano/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ചിലിയോട് സമനില വഴങ്ങിയ അർജന്റീനയ്ക്കു കരുത്തായി പ്രതിരോധതാരം ക്രിസ്റ്റ്യൻ റൊമേരോ അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്ന സൂചനകൾ ശക്തം. മസിലിനു പരിക്കേറ്റ താരം കഴിഞ്ഞ ദിവസം പരിശീലനം നടത്തിയെന്നും യുറുഗ്വായ്‌ക്കെതിരെയുള്ള ഗ്രൂപ്പിലെ ഏറ്റവും കടുപ്പമേറിയ മത്സരത്തിൽ കളത്തിലിറങ്ങാൻ സാധ്യതയുണ്ടെന്നുമാണ് ഒലെ സ്പോർട്സിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റൊമേരോയുടെ സാന്നിധ്യം അർജന്റീനക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെങ്കിലും യുറുഗ്വായ്‌ക്കെതിരെ ഇറങ്ങുമ്പോൾ ടീമിനെ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അതു മുതലെടുക്കാൻ കഴിയാതിരുന്ന മുന്നേറ്റനിരയുടെ ഫോം തന്നെയാണ് ടീമിനു പ്രധാനമായും ഉത്കണ്ഠയുയർത്തുന്നത്. ലൗടാരോ മാർട്ടിനസും നികോ ഗോൺസാലസും തിളങ്ങാതെ പോയ മത്സരത്തിൽ ചുരുങ്ങിയത് മൂന്നു ഗോളെങ്കിലും അനായാസം അർജന്റീനക്ക് നേടാമായിരുന്നു.

അതേസമയം ആദ്യമത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഇന്റർ മിലാൻ സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസിന് ആത്മവിശ്വാസം നഷ്ടമായിട്ടില്ലെന്നത് അർജന്റീനക്ക് പ്രതീക്ഷയാണ്. മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ 'എല്ലായിപ്പോഴും പോസിറ്റിവ്' എന്ന തലക്കെട്ടോടെ അർജന്റീനിയൻ ജേഴ്‌സിയണിഞ്ഞുള്ള ചിത്രം താരം പോസ്റ്റു ചെയ്‌തത്‌ അടുത്ത മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനം ലക്‌ഷ്യം വെച്ചു കൊണ്ടു തന്നെയാണെന്ന് ഉറപ്പാണ്.

അതേസമയം ചിലിയെക്കാൾ കരുത്തരാണ് യുറുഗ്വായെന്ന കാര്യം വിസ്മരിക്കാൻ കഴിയില്ല. ഡീഗോ ഗോഡിൻ, ജോസെ ഗിമിനസ്, അറഹോ, ലൂക്കാസ് ടോരെര, ബെന്റാങ്കർ, വെസിനോ, ഫെഡെ വാൽവെർദെ, ലൂയിസ് സുവാരസ്, കവാനി, ഡാർവിൻ നുനസ് എന്നിങ്ങനെ യൂറോപ്പിൽ മികച്ച പ്രകടനം നടത്തുന്ന ഒരുപറ്റം താരങ്ങൾ അവർക്ക് സ്വന്തമായിട്ടുണ്ട്. വളരെക്കാലമായി പരിശീലകനായ ഓസ്‌കാർ ടെബാരസിനു കീഴിൽ തന്നെയാണ് ടീം ഇറങ്ങുന്നതെന്നത് അവർക്ക് കൂടുതൽ മുൻ‌തൂക്കം നൽകുന്നു.

ആദ്യമത്സരത്തിൽ സമനില വഴങ്ങിയ അർജന്റീനക്ക് യുറുഗ്വായ്‌ക്കെതിരെ വിജയം നേടേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ നിരവധി അവസരങ്ങൾ ഒരുക്കിയെടുത്ത ടീം അടുത്ത മത്സരത്തിൽ അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ മികവ് കാണിച്ചാൽ അർജന്റീനക്ക് പ്രതീക്ഷയുണ്ട്. മെസി മികച്ച ഫോമിലായതും റൊമേരോ തിരിച്ചെത്തുന്നതും അവർക്ക് ഗുണകരമാവും. യുറുഗ്വായ് ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിനാണ് അർജന്റീനക്കെതിരെ ഇറങ്ങുന്നത്.

ചിലിക്കെതിരെ സമനില വഴങ്ങിയെങ്കിലും അർജന്റീന പരിശീലകനായ ലയണൽ സ്കെലോണിക്ക് ടീമിനെക്കുറിച്ച് പരാതികളൊന്നുമില്ലായിരുന്നു. നിരവധി അവസരങ്ങൾ ടീം ഒരുക്കിയെടുത്തുവെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ മാത്രമേ തനിക്ക് ആശങ്കയുള്ളൂവെന്നും പറഞ്ഞ സ്കെലോണി നിലവിലെ പോരായ്മകളെ അടുത്ത മത്സരത്തിൽ പരിഹരിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

facebooktwitterreddit