പ്രശ്‌നം പരിഹരിച്ചു, ലുക്കാക്കു ടോട്ടന്‍ ഹാമിനെതിരേ കളിക്കും

Chelsea v Brighton & Hove Albion - Premier League
Chelsea v Brighton & Hove Albion - Premier League / James Williamson - AMA/GettyImages
facebooktwitterreddit

ചെല്‍സിയുടെ ബല്‍ജിയന്‍ താരം റൊമേലു ലുക്കാക്കുവും പരിശീകന്‍ തോമസ് ടുഷേലും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. ലൂക്കാക്കുവും മാനേജ്‌മെന്റ് പ്രതിനിധികളും പരിശീലകന്‍ ടുഷേലും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. ഇതോടെ ബ്ലൂസിന്റെ അടുത്ത മത്സരത്തില്‍ ലൂക്കാക്കു ചെല്‍സി നിരയിലുണ്ടാകുമെന്ന കാര്യം ഉറപ്പായി.

സ്‌കൈ സ്‌പോര്‍ട് ഇറ്റാലിയക്ക് നല്‍കിയ അഭിമുഖത്തില്‍ ലുക്കാക്കു നടത്തിയ പരാമര്‍ശമായിരുന്നു പിന്നീട് വിവാദമായത്. പരിശീലകന്‍ തോമസ് ടുഷേലിന്റെ നിലപാടില്‍ താന്‍ തൃപ്തനല്ലെന്നും ഇന്റര്‍ മിലാനിലേക്ക് തിരിച്ചു പോകാന്‍ താല്‍പര്യമുണ്ടെന്ന തരത്തിലായിരുന്നു ലുക്കാക്കു പ്രസ്താവന നടത്തിയത്. എന്നാല്‍ ഉടന്‍ തന്നെ ടുഷേല്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

ഇത്തരത്തിലൊരു വിവേചനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അത് താരത്തിന്റെ തെറ്റിദ്ധാരണ മാത്രമാണെന്നായിരുന്നു ടുഷേല്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് പ്രീമയിര്‍ ലീഗില്‍ ലിവര്‍പൂളിനെതിരേയുള്ള മത്സരത്തില്‍ നിന്ന് ലുക്കാക്കുവിനെ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വ്യാഴാഴ്ച നടക്കുന്ന ലീഗ് കപ്പിന്റെ സെമിയില്‍ ടോട്ടനത്തെ നേരിടുന്ന ചെല്‍സി നിരയില്‍ ലൂക്കാക്കു ഉണ്ടാകുമെന്നാണ് വിവരം.

പരിശീലകനും ലുക്കാക്കുവും തമ്മില്‍ തര്‍ക്കം നടന്നത് കാരണം താരം ക്ലബ് വിടുമോ എന്നതായിരുന്നു കായിക ലോകം ഉറ്റു നോക്കിയിരുന്നത്. സ്‌കൈ സ്‌പോട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇന്റര്‍മിലാനിലേക്ക് തിരിച്ച് പോകാന്‍ താല്‍പര്യമുണ്ടെന്ന രീതിയല്‍ സംസാരിച്ചിരുന്നു. എന്നാല്‍ ലുക്കാക്കു ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീം വിടില്ലെന്നും ചെല്‍സിയില്‍ തന്നെ തുടരാനാണ് താരത്തിന്റെ തീരുമാനമെന്നും ഗോള്‍ ഡോട്‌കോമിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.