ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ലുക്കാക്കു

Sreejith N
FBL-EURO-2020-2021-MATCH39-BEL-POR
FBL-EURO-2020-2021-MATCH39-BEL-POR / THANASSIS STAVRAKIS/Getty Images
facebooktwitterreddit

പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ബെൽജിയൻ സൂപ്പർതാരം റൊമേലു ലുക്കാക്കു. താൻ വളരെയധികം ബഹുമാനിക്കുന്ന താരമാണ് റൊണാൾഡോയെന്നും അദ്ദേഹത്തിനെതിരെ കളിക്കാൻ കഴിഞ്ഞതിലും ഇനിയും കളിക്കാൻ കഴിയുമെന്നതിലും വളരെ സന്തോഷമുണ്ടെന്നും ലുക്കാക്കു ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

അയർലണ്ടിനെതിരായ കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ പോർചുഗലിനു വേണ്ടി ഇരട്ടഗോളുകൾ നേടിയ റൊണാൾഡോ ഏറ്റവുമധികം അന്തരാഷ്ട്ര ഗോളുകളെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയിരുന്നു. നിലവിൽ 111 ഗോളുകൾ പോർച്ചുഗലിനായി നേടിയ റൊണാൾഡോയുടെ റെക്കോർഡ് ഇരുപത്തിയെട്ടാം വയസിൽ തന്നെ ബെൽജിയത്തിനായി 66 ഗോളുകൾ നേടിയ ലുക്കാക്കുവിനു തകർക്കാൻ കഴിയുമെന്ന വാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

"എന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മൂന്നു താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒന്നു മുതൽ മൂന്നു വരെയുള്ള സ്ഥാനങ്ങളിൽ ഞാൻ അദ്ദേഹത്തെ റാങ്ക് ചെയ്യുന്നില്ല, പക്ഷെ താരം അതിലുണ്ടായിരിക്കും," ലുക്കാക്കു പറഞ്ഞു

"എന്നെപ്പോലുള്ള കളിക്കാർ അദ്ദേഹം ഫുട്ബോൾ ചരിത്രത്തിൽ സ്വന്തമാക്കിയ നേട്ടങ്ങൾ അസാധാരണമായി കരുതുന്നു. ഇറ്റലിയിൽ അദ്ദേഹത്തിനെതിരെ കളിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്, ഇപ്പോൾ പ്രീമിയർ ലീഗിലും താരമെത്തി. അത് ഇംഗ്ലീഷ് ഫുട്ബോളിനു ഗുണകരമാണ്. മറ്റു കണക്കുകൾ അടക്കമുള്ള താരതമ്യങ്ങൾ ഉപയോഗശൂന്യമാണ്‌," ലുക്കാക്കു വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗിലെ ടോപ് സ്‌കോറർ പട്ടികയിൽ റൊണാൾഡോ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ലുക്കാക്കു രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ ഈ സീസണിൽ ചെൽസിക്കൊപ്പം പോർച്ചുഗൽ താരത്തെ മറികടന്ന് ലുക്കാക്കുവിന് ഒന്നാം സ്ഥാനം നേടിയെടുക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit