റൊമേലു ലുക്കാക്കു വീണ്ടും ഇന്റർ മിലാനിലേക്ക്, താരം ചേക്കേറുക ലോൺ കരാറിൽ

ചെല്‍സിയുടെ ബെല്‍ജിയന്‍ താരം റൊമേലു ലുക്കാക്കു വീണ്ടും ഇന്റര്‍ മിലാനിലേക്ക് ചേക്കേറാനൊരുങ്ങുന്നു. ഇതിനായുള്ള വ്യക്തിഗത നിബന്ധനകള്‍ ലുക്കാക്കു അംഗീകരിച്ചതായി 90min മനസിലാക്കുന്നുണ്ട്. 2019 മുതൽ 2021 വരെ ഇന്റർ മിലാൻ താരമായിരുന്ന ലുക്കാക്കു ലോൺ കരാറിലാണ് ഇറ്റാലിയൻ ക്ലബ്ബിലേക്ക് മടങ്ങുക.
2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ 97.5 മില്യൺ പൗണ്ട് നൽകിയാണ് ചെൽസി ലുക്കാക്കുവിനെ ടീമിലെത്തിച്ചത്. എന്നാല്‍ ചെല്‍സിയിലെത്തിയ ലുക്കാക്കുവിന് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ചെൽസിക്കായി കഴിഞ്ഞ സീസണിൽ 44 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടാൻ മാത്രമാണ് താരത്തിന് കഴിഞ്ഞത്.
അതേ സമയം, ഇന്റർ മിലാനിലേക്കുള്ള ലോണിന്റെ ഭാഗമായി താരത്തിന്റെ ശമ്പളത്തിന്റെ ഒരു ഭാഗം നല്‍കാമെന്ന് ചെൽസി സമ്മതിച്ചിട്ടുണ്ട്. നേരത്തെ ചെല്‍സിയില്‍ നിന്ന് ലഭിച്ചിരുന്ന ശമ്പളത്തില്‍ ചെറിയ കുറവ് വരുത്താൻ താരവും സമ്മതിച്ചിട്ടുണ്ട്.
താരം കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചതിനാല്‍, ഇരു ക്ലബുകളും തമ്മിൽ കരാർ കാര്യത്തിൽ ധാരണയില്ലെത്തുന്നത് മാത്രമാണ് ഇനി ബാക്കിയിട്ടുള്ളത്. ചെൽസിയും ഇന്ററും ഇക്കാര്യത്തിൽ ധാരണയിലെത്തുന്നതിന് അടുത്തെത്തിയെന്ന് 90min വൃത്തങ്ങള്‍ മനസിലാക്കുന്നു.
2020-21 സീസണിൽ ഇന്റർ മിലാൻ സീരി എ കിരീടം സ്വന്തമാക്കിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ലുക്കാക്കു. ഇന്ററിനായി സീരി എയിൽ ആ സീസണിൽ 24 ഗോളുകൾ നേടിയ താരം, ഇറ്റാലിയൻ ക്ലബ്ബിലേക്ക് മടങ്ങുമ്പോൾ പഴയ മികവ് ആവർത്തിക്കാനാവും ലക്ഷ്യമിടുന്നത്.