Serie A

"മിലാനിലെ രാജാവിനെ വണങ്ങുക"- സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനു സന്ദേശവുമായി ലുക്കാകു

Sreejith N
May 4, 2021, 5:58 PM GMT+5:30
FC Internazionale v AC Milan - Coppa Italia
FC Internazionale v AC Milan - Coppa Italia | Marco Luzzani/Getty Images
facebooktwitterreddit

ഇന്റർ മിലാന്റെ സീരി എ കിരീടധാരണത്തിനു പിന്നാലെ എസി മിലാൻ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ കളിയാക്കുന്ന സന്ദേശവുമായി റൊമേലു ലുക്കാകു. അറ്റലാന്റ സാസുവോളയോട് സമനില വഴങ്ങിയതോടെയാണ് നാലു മത്സരങ്ങൾ ബാക്കി നിൽക്കെ ഇന്റർ മിലാൻ സീരി എ കിരീടം ഉറപ്പിച്ചത്. ടീമിന്റെ ടോപ് സ്കോററായ ലുക്കാകുവാണ് കിരീടനേട്ടത്തിനു പിന്നിലെ നിർണായക സാന്നിധ്യം.

ജനുവരിയിൽ കോപ്പ ഇറ്റാലിയ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ നടന്ന മിലാൻ ഡെർബിയിൽ ഇരുതാരങ്ങളും തമ്മിൽ പരസ്‌പരം കൊമ്പു കോർത്തിരുന്നു. പരസ്‌പരം വാക്കേറ്റം നടത്തി കയ്യാങ്കളിയുടെ വക്കോളമെത്തിയ ഇരു താരങ്ങൾക്കും അതേത്തുടർന്ന് ഒരു മത്സരത്തിൽ വിലക്കും ലഭിച്ചു. ആ മത്സരത്തിൽ എസി മിലാനെതിരെ ഇന്ററാണ്‌ വിജയം നേടിയത്.

ഇന്റർ കിരീടമുറപ്പിച്ചതോടെ ട്വിറ്ററിലാണ് ലുക്കാകു ഞാനാണ് ദൈവമെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള സ്ലാട്ടനെ കളിയാക്കിയുള്ള സന്ദേശം കുറിച്ചത്. "യഥാർത്ഥ ദൈവം രാജാവിനു കിരീടം സമ്മാനിച്ചു. ഇനി കുമ്പിട്ട് വണങ്ങുക- മിലാനിലെ രാജാവ്." ലുക്കാക്കുവിന്റെ സന്ദേശം ഇങ്ങിനെയായിരുന്നു. ഇതിനു പുറമെ കിരീടത്തിന്റെയും കണ്ണിറുക്കുന്നതിന്റെയും ഇമോജിയും ബെൽജിയൻ താരം അതിനൊപ്പം ചേർത്തിട്ടുണ്ട്.

2010ൽ ആൻഡർലെറ്റിനെ ബെൽജിയൻ ലീഗിൽ ജേതാക്കളാക്കിയതിനു ശേഷം ആദ്യമായാണ് ലുക്കാക്കു ഒരു ലീഗ് കിരീടം സ്വന്തമാക്കുന്നത്. നേരത്തെ മുപ്പത്തിയൊൻപതുകാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ കരുത്തിൽ എസി മിലാൻ സീരി എയിൽ കുതിപ്പ് കാണിച്ചെങ്കിലും പിന്നീട് പുറകോട്ടു പോവുകയായിരുന്നു.

facebooktwitterreddit