Football in Malayalam

ലുക്കാക്കുവിന്റെ ചെൽസി ട്രാൻസ്‌ഫർ യാഥാർഥ്യമാകുന്നു, മെഡിക്കൽ പൂർത്തിയാക്കി ഇന്റർ മിലാൻ സ്‌ട്രൈക്കർ

Sreejith N
SSC Napoli  v FC Internazionale - Serie A
SSC Napoli v FC Internazionale - Serie A / Francesco Pecoraro/Getty Images
facebooktwitterreddit

ബെൽജിയൻ സ്‌ട്രൈക്കറായ റൊമേലു ലുക്കാക്കുവിന്റെ ചെൽസി ട്രാൻസ്‌ഫർ യാഥാർഥ്യമാകുന്നു. വർഷങ്ങൾക്കു ശേഷം ഇന്റർ മിലാനു സീരി എ കിരീടം നൽകിയ താരം പ്രീമിയർ ലീഗിലേക്കു ചേക്കേറുന്നതിന്റെ ഭാഗമായി മിലാനിലെ കൊളംബസ് ക്ലിനിക്കിൽ വെച്ച് മെഡിക്കൽ പൂർത്തിയാക്കിയെന്ന് ഗോളിന്റെ ജേർണലിസ്റ്റായ നിസാർ കിൻസെല്ല സ്ഥിരീകരിച്ചു.

98 മില്യൺ പൗണ്ടിന്റെ കരാറിൽ ഇന്റർ മിലാനിൽ നിന്നും ചെൽസിയിലേക്ക് ചേക്കേറുന്ന താരം ആഴ്ചയിൽ രണ്ടര ലക്ഷം പൗണ്ട് എന്ന വേതന വ്യവസ്ഥയിൽ അഞ്ചു വർഷത്തെ കരാറാണ് ചെൽസിയുമായി പൂർത്തിയാക്കുന്നത്. എന്നാൽ ലുക്കാക്കു ചെൽസിയിലേക്ക് ചേക്കേറുന്നത് പണത്തിനു വേണ്ടിയല്ല, മറിച്ച് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ററിനൊപ്പം കിരീടങ്ങൾ നേടാൻ സാധ്യത കുറവായതു കൊണ്ടാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ തന്നെ ചെൽസി ലുക്കാക്കുവിനു വേണ്ടി വമ്പൻ ഓഫറുമായി രംഗത്തു വന്നിരുന്നെങ്കിലും താരം ഇന്ററിൽ തുടരാനുള്ള താല്പര്യം അറിയിക്കുകയായിരുന്നു. അതിനു പിന്നാലെ ചെൽസി പരിശീലകൻ തോമസ് ടുഷെൽ ലുക്കാക്കുവിനോട് ഫോണിൽ സംസാരിച്ച് ചെൽസിയുടെ പദ്ധതികളെക്കുറിച്ചും അതിനെ സഹായിക്കാൻ എങ്ങിനെ കഴിയുമെന്നതിനെക്കുറിച്ചും വ്യക്തമാക്കിയപ്പോഴാണ് ബെൽജിയൻ സ്‌ട്രൈക്കറുടെ മനസ് മാറിയത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്റർ മിലാനിൽ നിന്നും കഴിഞ്ഞ സീസൺ അവസാനിച്ചപ്പോൾ തന്നെ പരിശീലകനായ കൊണ്ടേ പടിയിറങ്ങിയിരുന്നു. അതിനു പിന്നാലെ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായ അഷ്‌റഫ് ഹക്കിമിയെ പിഎസ്‌ജിക്ക് നൽകിയ ഇന്റർ ഇപ്പോൾ കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായ ലുക്കാക്കുവിനെയും കൈവിടാൻ ഒരുങ്ങുകയാണ്. ലുക്കാക്കുവിന് പകരക്കാരനായി അറ്റലാന്റയുടെ ദുവൻ സപ്പട്ട, റോമയുടെ സീക്കോ എന്നിവരിൽ ഒരാളെ ടീമിലെത്തിക്കാനാണ് ഇന്റർ ഒരുങ്ങുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit