ചെൽസിയിലേക്കുള്ള തിരിച്ചു പോക്ക് ഒരു അബദ്ധമായിരുന്നുവെന്ന് സമ്മതിച്ച് റൊമേലു ലുക്കാക്കു


ഇന്ററിൽ നിന്നും ചെൽസിയിലേക്ക് തന്നെ തിരിച്ചുപോവാനെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് സമ്മതിച്ച് ബെൽജിയൻ മുന്നേറ്റതാരം റൊമേലു ലുക്കാക്കു. നിലവിൽ ചെൽസിയിൽ നിന്നും ലോണിൽ ഇന്റർ മിലാനിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം.
ഇന്ററിന്റെ ഏറ്റവും പുതിയ ഹോം കിറ്റിന്റെ അനാച്ഛാദനച്ചടങ്ങിലാണ് താരം തന്റെ കരിയറിലെ വലിയ വെല്ലുവിളിയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി നൽകിയത്.
"ഇപ്പോഴുള്ളത് തന്നെ.. നിങ്ങൾക്കറിയാമോ ഞാൻ പോയത്, അത് ഒരു തെറ്റായിരുന്നു," ലുക്കാക്കു പറഞ്ഞു.
"ലോക്കർ റൂമിലും പിച്ചിലും നമ്മൾ എന്താണ് ചെയ്യുന്നത്, ഞങ്ങൾ പരസ്പരം പുലർത്തുന്ന ബന്ധങ്ങൾ, അത് വളരെ പ്രധാനമാണ്... ഞങ്ങളുടെ ടീം ശരിക്കും ഐക്യത്തിലാണെന്ന് ആളുകൾ കാണുന്നത് ശരിയായ കാര്യമാണ്.
"എന്റെ കരിയറിൽ ഉയർന്ന തലത്തിൽ കളിക്കാൻ ഇന്റർ എനിക്ക് അവസരം നൽകി. ഈ ജേഴ്സി ധരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, കഴിഞ്ഞ വർഷങ്ങളിലെ പോലെ വളരാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് ലക്ഷ്യത്തിൽ എത്തണമെങ്കിൽ ഇതുപോലെ തന്നെ തുടരണം," ലുക്കാക്കു കൂട്ടിച്ചേർത്തു.
കഴിഞ്ഞ സമ്മറിൽ 97.5 മില്യൺ പൗണ്ടിനാണ് ചെൽസി ലുക്കാക്കുവിനെ തിരിച്ചെത്തിക്കുന്നത്. എന്നാൽ ചെൽസിയിലെ താരത്തിന്റെ പ്രകടനം ഇന്ററിലേതു പോലെ മികച്ചതായിരുന്നില്ല. അതിനിടെ ഇന്റർ വിട്ടതിൽ ഖേദിക്കുന്നുവെന്ന താരത്തിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.
അതിനു ശേഷം താരത്തെ അപൂർവമായി മാത്രമേ ടൂഷേൽ കളിക്കാനിറക്കിയുള്ളൂ. പിന്നീട് ഇന്ററിലേക്ക് തന്നെ താരം ലോണിൽ ചേക്കേറുകയായിരുന്നു. ലോണിലാണ് ക്ലബ്ബ് വിട്ടതെങ്കിലും ലുക്കാക്കുവിന്റെ ചെൽസിയിലെ കരിയർ അവസാനിച്ചുവെന്നാണ് പരിശീലകൻ തോമസ് ടൂഷേൽ സൂചന നൽകുന്നത്.
"അവൻ ലോണിലാണ്, തീർച്ചയായും അതിനു സാധ്യതയുണ്ട്. നടക്കുമോയെന്ന് എനിക്കറിയില്ല, പക്ഷേ അതിനെക്കുറിച്ച് ഒരു വീക്ഷണം നൽകേണ്ടത് എന്റെ ബാധ്യതയല്ല.
"(ലുക്കാക്കുവിനെ) പോകാൻ അനുവദിക്കണമെന്ന് ഞങ്ങൾ ഉടമകളുമായി ചേർന്ന് തീരുമാനിച്ചു. പോകണമെന്നത് അവന്റെ ആഗ്രഹമായിരുന്നു, അവനു സാധ്യതയുണ്ടായിരുന്നു, എന്നാലും ഞങ്ങൾ അവനെ വിട്ടയച്ചു. ഞങ്ങൾ ഇപ്പോൾ റഹീം സ്റ്റെർലിംഗിനെ കൊണ്ടുവന്നു, അത് ഞങ്ങൾക്ക് വളരെയധികം ഫ്ളക്സിബിലിറ്റിയും ചലനാത്മകതയും നൽകുന്നു, കൂടുതൽ കളിക്കാരെ റിക്രൂട്ട് ചെയ്തിട്ടില്ലെങ്കിലും ഞങ്ങൾക്ക് മുന്നിൽ ധാരാളം ആക്രമണ ഓപ്ഷനുകൾ ഉണ്ട്," ടൂഷേൽ സ്കൈ സ്പോർട്സിനോട് പറഞ്ഞു.