Football in Malayalam

ചെൽസിയെ വിൽപ്പനക്ക് വെച്ച് റോമൻ അബ്രമോവിച്ച്

Haroon Rasheed
Roman Abramovich has put Chelsea up for sale
Roman Abramovich has put Chelsea up for sale / Michael Regan/GettyImages
facebooktwitterreddit

ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷം ചെല്‍സി ഫുട്‌ബോള്‍ ക്ലബിനെ വില്‍പനക്ക് വെച്ച് ഉടമസ്ഥന്‍ റോമന്‍ അബ്രമോവിച്ച്. റഷ്യ ഉക്രൈനില്‍ അധിനിവേശം തുടങ്ങിയതോടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നെന്ന് ആരോപിക്കപ്പെടുന്ന അബ്രമോവിച്ചിന് മേൽ ക്ലബ് വിൽക്കാൻ സമ്മർദ്ദമുണ്ടായിരുന്നു.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ശതകോടീശ്വരനായ അബ്രമോവിച്ചിനെതിരെ യുകെ ഉപരോധം കൊണ്ടുവരണമെന്ന ആവശ്യങ്ങൾക്കിടെയാണ് ചെൽസിയെ വിൽക്കാന് അബ്രമോവിച്ച് തീരുമാനിക്കുന്നത്. ഉക്രൈന്‍ അധിനിവേശം തുടങ്ങിയ അന്ന് ക്ലബിന്റെ ഉടമസ്ഥത ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറുന്നു എന്ന് അബ്രമോവിച്ച് പ്രസ്താവന ഇറക്കിയിരുന്നു.

ചെൽസി തനിക്ക് തിരിച്ചടക്കാനുള്ള വായ്പകൾ താൻ എഴുതി തള്ളിയതായും, ക്ലബ്ബിനെ വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുക ഉക്രൈനിലെ യുദ്ധത്തിന്റെ ഇരകൾക്കായി വിനിയോഗിക്കുമെന്നും അബ്രമോവിച്ച് പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

"ചെൽസി എഫ്.സിയുടെ എന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ വന്ന ഊഹാപോഹങ്ങളെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മുമ്പ് പ്രസ്താവിച്ചതുപോലെ, ക്ലബ്ബിന്റെ ഏറ്റവും മികച്ച താല്‍പ്പര്യം മനസ്സില്‍ വെച്ചാണ് ഞാന്‍ എപ്പോഴും തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍, ക്ലബ്, ആരാധകര്‍, ജീവനക്കാര്‍, ഒപ്പം ക്ലബിന്റെ സ്‌പോണ്‍സര്‍മാരുടെയും പങ്കാളികളുടെയും ഏറ്റവും മികച്ച താല്‍പ്പര്യമാണ് ഇത് എന്ന് ഞാന്‍ വിശ്വസിക്കുന്നതിനാല്‍, ക്ലബ് വില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ക്ലബിന്റെ വിൽപന വേഗത്തിലാക്കില്ല, എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കും. വായ്പയൊന്നും തിരിച്ചടക്കാൻ ഞാന്‍ ആവശ്യപ്പെടില്ല. ഇത് എനിക്ക് ഒരിക്കലും ബിസിനസിനെക്കുറിച്ചോ പണത്തെക്കുറിച്ചോ ആയിരുന്നില്ല, ഗെയിമിനോടും ക്ലബ്ബിനോടുമുള്ള അഭിനിവേശമായിരുന്നു.

"മാത്രമല്ല, വില്‍പ്പനയില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും സംഭാവന ചെയ്യുന്ന ഒരു ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ ഞാന്‍ എന്റെ ടീമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉക്രെയ്‌നിലെ യുദ്ധത്തിന്റെ എല്ലാ ഇരകളുടെയും പ്രയോജനത്തിനായിരിക്കും ലഭിക്കുന്ന പണം വിനിയോഗിക്കുക. ഇത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണെന്ന് ദയവായി അറിയുക, ഈ രീതിയില്‍ ക്ലബ്ബുമായി വേര്‍പിരിയുന്നത് എന്നെ വേദനിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് ക്ലബ്ബിന്റെ ഏറ്റവും മികച്ച താല്‍പ്പര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളോടെല്ലാം വ്യക്തിപരമായി വിടപറയാന്‍ എനിക്ക് അവസാനമായി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

"ചെല്‍സി എഫ്‌സിയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു ആജീവനാന്ത പദവിയാണ്, നമ്മുടെ എല്ലാ സംയുക്ത നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബും അതിനെ പിന്തുണക്കുന്നവരും എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും." പ്രസ്താവനയിലൂടെ അബ്രമോവിച്ച് വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit