ബ്രസീൽ ടീം വിടുന്നതിനായി നെയ്‌മർ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്ന് സഹതാരം റോഡ്രിഗോ

Rodrygo Says Neymar Preparing To Leave Brazil Team
Rodrygo Says Neymar Preparing To Leave Brazil Team / Etsuo Hara/GettyImages
facebooktwitterreddit

ബ്രസീൽ ദേശീയ ടീം വിടുന്നതിനായി നെയ്‌മർ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്ന് സഹതാരം റോഡ്രിഗോ. ബ്രസീൽ ടീം വിടുമ്പോൾ പത്താം നമ്പർ ജേഴ്‌സി തനിക്ക് നൽകാമെന്നു നെയ്‌മർ പറഞ്ഞിട്ടുണ്ടെന്നും റോഡ്രിഗോ വെളിപ്പെടുത്തി. പോഡ്പാക്ക് നൽകിയ അഭിമുഖത്തിലാണ് റയൽ മാഡ്രിഡ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ദേശീയ ടീമിനൊപ്പം മികച്ച പ്രകടനം നടത്തുന്ന താരമാണ് നെയ്‌മർ. 119 മത്സരങ്ങൾ കളിച്ച് 74 ഗോളുകൾ ബ്രസീലിനു വേണ്ടി നേടിയിട്ടുള്ള നെയ്‌മർക്കു പക്ഷെ ഒരു കോൺഫെഡറേഷൻ കപ്പ് മാത്രമേ ബ്രസീലിനൊപ്പം നേടാൻ കഴിഞ്ഞിട്ടുള്ളൂ. ഈ വർഷം നടക്കുന്ന ഖത്തർ ലോകകപ്പിന് കിരീടപ്രതീക്ഷയോടെ ഇറങ്ങുന്ന താരം അതിനു ശേഷം ദേശീയ ടീം വിടാൻ സാധ്യതയുണ്ടെന്ന് റോഡ്രിഗോയുടെ വാക്കുകൾ വെളിപ്പെടുത്തുന്നു.

"താൻ ദേശീയ ടീം വിടാൻ പോവുകയാണെന്നും പത്താം നമ്പർ ജേഴ്‌സി എനിക്കാണെന്നും നെയ്‌മർ പറഞ്ഞിരുന്നു. താരത്തോട് എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് വല്ലായ്‌മ തോന്നി വിഡ്ഢിച്ചിരി ചിരിച്ച് എന്തു പറയണമെന്നറിയാതെ എനിക്കതിപ്പോൾ വേണ്ടെന്നും നിങ്ങൾ കുറച്ചു കാലം കൂടി തുടരണം എന്നു പറഞ്ഞു. അപ്പോൾ താരം ചിരിച്ചു." റോഡ്രിഗോ പറഞ്ഞു.

ഇതാദ്യമായല്ല നെയ്‌മർ ബ്രസീലിയൻ ടീം വിടുമെന്ന സൂചനകൾ നൽകുന്നത്. മാസങ്ങൾക്കു മുൻപ് ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മുപ്പതു വയസുള്ള താരം പറഞ്ഞിരുന്നു. ഇനിയും കളിക്കളത്തിൽ മികച്ച ഫോമിൽ തുടരാൻ സമയമുണ്ടെന്നിരിക്കെയാണ് നെയ്‌മർ ദേശീയ ടീം വിടാൻ തയ്യാറെടുക്കുന്നത്.

അതേസമയം പ്രതിഭകൾക്ക് യാതൊരു കുറവുമില്ലാത്ത ബ്രസീലിയൻ ദേശീയ ടീമിൽ തന്റെ പിൻഗാമിയായി നെയ്‌മർ കാണുന്നത് റോഡ്രിഗോയെയാണ്. ഭാവിയിൽ വളരെ മികച്ച താരമാകുമെന്ന് സിദാനും ആൻസലോട്ടിയും പറഞ്ഞിട്ടുള്ള റോഡ്രിഗോ നെയ്‌മറുടെ മുൻ ക്ലബായ സാന്റോസിൽ നിന്നുമാണ് റയലിലേക്ക് എത്തുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.